കാൻപുർ: കഴിഞ്ഞ മൂന്നുദിവസവും ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ കളിച്ചത് മഴയാണെങ്കിൽ ഇന്ന് അത് ബംഗ്ലാദേശിനുമേലുള്ള ഇന്ത്യയുടെ ഇടിച്ചുകുത്തി പെയ്ത്തായിരുന്നു. ആ പെയ്ത്തിൽ കടപുഴകിയതാകട്ടെ ഒന്നല്ല അഞ്ച് റെക്കോഡുകൾ.
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റിൽ ആദ്യദിനം 35 ഓവർ എറിഞ്ഞതൊഴിച്ചാൽ ബാക്കി സമയങ്ങളെല്ലാം മഴയായിരുന്നു. രണ്ടാംദിനം സമ്പൂർണ മഴ. മൂന്നാംദിനമാകട്ടെ മതിയായ വെയിലില്ലാത്തതിനാൽ ഗ്രൗണ്ട് ഉണങ്ങിയതുമില്ല. അതോടെ ആ ദിവസവും നഷ്ടം. തുടർന്ന് നാലാംദിവസമാണ് കളി പുനരാരംഭിച്ചത്.
അതോടെ ഇന്ത്യ ഗിയറൊന്നു മാറ്റിച്ചവിട്ടി. വേഗമുള്ള കളിതന്ത്രമാണ് പിന്നീട് പുറത്തെടുത്തത്. പെട്ടെന്ന് പരമാവധി സ്കോർ ചെയ്ത്, ബംഗ്ലാദേശിനെ ആവുംവിധം തകർക്കുക എന്നതാണ് ലക്ഷ്യമെന്നുവേണം കളി കാണുമ്പോൾ അറിയാൻ സാധിക്കും. ‘ടി20’ സ്റ്റൈലിലാണ് തിങ്കളാഴ്ച ഇന്ത്യ ബാറ്റുവീശിയത്. അതോടെ ഒരുപിടി റെക്കോഡുകളും കൈപ്പിടിയിലൊതുക്കി.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 50 റൺസ് ടീം സ്കോറാണ് ആദ്യം കടപുഴകി വീണത്. മുൻപ് 26 പന്തിൽ 50 റൺസ് എന്ന ഇംഗ്ലണ്ടിന്റെ നേട്ടമാണ് ആദ്യം പഴങ്കഥയായത്. ഇന്ത്യ വെറും മൂന്നോവറിൽ 50 തികച്ച് ആ റെക്കോഡ് മറികടന്നു. ഈവർഷം ട്രെന്റ് ബ്രിജിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് ബംഗ്ലാദേശിനെ പ്രഹരിച്ചതോടെ റെക്കോഡ് പിറക്കുകയായിരുന്നു.
10.1 ഓവറിൽ ഇന്ത്യയുടെ ടീം ടോട്ടൽ 100 കടന്നു. ടെസ്റ്റിലെ ഏറ്റവും വേഗമേറിയ 100 റൺസ് എന്ന രീതിയിൽ ഇതും റെക്കോഡാണ്. കഴിഞ്ഞവർഷം ഇന്ത്യതന്നെ വെസ്റ്റ് ഇൻഡീസിനെതിരേ തീർത്ത റെക്കോഡാണ് ഇന്ന് മറികടന്നത്. 13.1 ഓവറിൽ ബംഗ്ലാദേശിനെതിരേ ശ്രീലങ്ക നേടിയ 100 റൺസാണ് മൂന്നാമത്. 2001-ലായിരുന്നു അത്.
18.2 ഓവറിൽ 150 കടക്കാനായത് അടുത്ത റെക്കോഡ്. മുൻപ് 21.1 ഓവറിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യ നേടിയ റെക്കോഡ് തന്നെ മറികടന്നു. അതുപോലെ ഏറ്റവും വേഗത്തിൽ 200 റൺസ് ടീം ടോട്ടൽ എന്ന റെക്കോഡും ഇന്ത്യയ്ക്ക് തന്നെ. 24.4 ഓവറിലാണിത്. 2017-ൽ സിഡ്നിയിൽ പാകിസ്താനെതിരേ ഓസ്ട്രേലിയ 28.1 ഓവറിൽ 200 റൺസ് നേടിയിരുന്നു. ഇതാണ് ഇന്ത്യ മറികടന്നത്. 30-ാമത്തെ ഓവറിൽ 250 കടന്നതും ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ടീം ടോട്ടലാണ്. മുൻപ് ഇംഗ്ലണ്ട് പാകിസ്താനെതിരേ 33.6 ഓവറിൽ 250 റൺസ് നേടിയിരുന്നു. ഇതിൽ രണ്ടെണ്ണം ഇന്ത്യയുടെ തന്നെ റെക്കോഡാണ്.