കോഴിക്കോട്: അഞ്ചുവർഷത്തിനിടെ മലപ്പുറത്തു കോടികളുടെ ഹവാല പണവും സ്വർണവും പോലീസ് പിടികൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതികരണവുമായി പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നതാണെന്ന് എംഎൽഎ ആരോപിച്ചു.
ഡൽഹിയിൽ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഇക്കാര്യം കേരളത്തിലെ മാധ്യമങ്ങളോട് പറയാത്തത്. മറുചോദ്യമുണ്ടാവുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കൈയിലാണെന്ന് മുഖ്യമന്ത്രി ദി ഹിന്ദു പത്രത്തോട് പറഞ്ഞു. എന്തുകൊണ്ട് മലയാളം പത്രങ്ങളോട് പറഞ്ഞില്ല? കരിപ്പൂരിൽ ഇറങ്ങി തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മറ്റുജില്ലകളിലേക്കുമടക്കം പോകുന്ന സ്വർണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണ്. അല്ലാതെ പിടികൂടുന്ന എല്ലാ സ്വർണവും മലപ്പുറത്തുകാരുടേതല്ല. പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്ന് നോക്കണം. എന്നിട്ട്ആ ജില്ലാക്കാരനാണ് പ്രതിയെന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. എന്നാൽ, അദ്ദേഹം ഒരു സമുദായത്തിനുമേൽ അടിച്ചേൽപ്പിക്കുന്നു. അപകടകരമായ പോക്കാണിത്. ശരിയായ രീതിയിലുള്ളതല്ല. ഇതാണ് ചോദ്യംചെയ്യപ്പെടുന്നത്’, അൻവർ വ്യക്തമാക്കി.