ന്യൂഡൽഹി: കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്ന് നടൻ സിദ്ദിഖിന്റെ മകൻ. എങ്കിലും പടച്ചോൻ പ്രാർഥന കേട്ടെന്ന് ഷാഹിൻ പറഞ്ഞു. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കു തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയും. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ സംസാരിക്കാനാകില്ല. പ്രതികരിക്കാൻ പരിമിതകളുണ്ടെന്നും ഷഹീൻ പറഞ്ഞു.
നടിയുടെ ലൈംഗിക പീഡന പരാതിയിൽ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞ് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവം നടന്നുവെന്നു പറയപ്പെടുന്നതു മുതൽ എട്ടു വർഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
കൂടാതെ സമൂഹമാധ്യമത്തിലൂടെ ഇക്കാലയളവിൽ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി. അങ്ങനെ നടി പരാതി പറഞ്ഞിട്ടും കേരള സർക്കാർ ഈ എട്ടു വർഷക്കാലം എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. നടി പരാതി നൽകാൻ താമസമുണ്ടായതിനെക്കുറിച്ചും കോടതി ആരാഞ്ഞു.
സിനിമാ മേഖലയിൽ പീഡനവുമായി ബന്ധപ്പെട്ട് 29 കേസുകളുണ്ടെന്നു കേരള സർക്കാരിന്റെ അഭിഭാഷക ഐശ്വര്യ ഭാട്ടിയ പറഞ്ഞു. തന്റെ കക്ഷിക്കെതിരെ ഇതുവരെ കേസില്ലെന്നും സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളിലാണ് 29 കേസ് റജിസ്റ്റർ ചെയ്തതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന ആളായതിനാൽ പരാതി നൽകാൻ പ്രയാസമായിരുന്നുവെന്നാണ് നടിയുടെ അഭിഭാഷക പറഞ്ഞത്. എന്നാൽ ഇത് ജാമ്യം തടഞ്ഞുവയ്ക്കാൻ മതിയായ കാരണങ്ങളല്ലെന്നു വ്യക്തമാക്കിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്.