ന്യൂഡൽഹി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷ റദ്ദായതോടെ ഒളിവിൽപോയ പ്രതി നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ നടൻ ഒളിവിൽപോയിരുന്നു. സുപ്രീംകോടതി വിധി എതിരായാൽ സിദ്ദിഖ് കീഴടങ്ങിയേക്കും.
ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് വഴുതിപ്പോയത് അന്വേഷണ സംഘത്തിനു ഏറെ തലവേദനയും സർക്കാരിനെതിരെ ആക്ഷേപവും ഉയരാൻ കാരണമായിരുന്നു. അതിനാൽ തന്നെ ഏതുവിധേനയും സിദ്ദിഖിന്റെ മുൻകൂർ ജാമ്യം തടയാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായി സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലവും നൽകി. മാത്രമല്ല, പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായ ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഡൽഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
സിദ്ദിഖിനെ പിടികൂടാത്തത് പൊലീസുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. സിദ്ദിഖിന് ഒളിവിൽ പോകാൻ പൊലീസ് സമയം നൽകി. നിരവധി ഇലക്ട്രോണിക് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറയുന്നു.
എന്നാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി കോടതിയെ ബോധ്യപ്പെടുത്താനായിരിക്കും സർക്കാർ ശ്രമിക്കുക. കുറ്റകൃത്യം അതീവ ഗൗരവസ്വഭാവമുള്ളതാണെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. സിദ്ദിഖിനെതിരെ ശക്തമായ തെളിവുണ്ട്. നടിയുടെ മൊഴികൾ ശരിവയ്ക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചു. നടി പരാതി നൽകാൻ വൈകിയത് കേസിനെ ബാധിക്കില്ല. പീഡനത്തെ തുടർന്ന് നടി മാനസിക ആഘാതത്തിനു ചികിത്സ തേടിയതിന് തെളിവുണ്ട്. സിദ്ദിഖ് സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും സർക്കാർ കോടതിയെ അറിയിക്കും.
എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതെന്നാണ് സിദ്ദിഖിന്റെ വാദം. അന്വേഷണവുമായി സഹകരിക്കും. പരാതിക്കാരിയുടെ മൊഴിയല്ലാതെ തെളിവില്ല. തനിക്കെതിരായുള്ള പരാതി അമ്മ-ഡബ്ല്യുസിസി ചേരിപ്പോരിന്റെ ഭാഗമാണെന്ന് സിദ്ദിഖ് കോടതിയെ അറിയിക്കും.
ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ ഇന്നു പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിനു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകയുമായ ഐശ്വര്യ ഭാട്ടിയ ഹാജരാകും. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഓൺലൈൻ വഴിയും കേരളത്തിനു വേണ്ടി ഹാജരാകും. മുതിർന്ന അഭിഭാഷകനായ മുകുള് റോസ്തകിയാണ് സിദ്ധിഖിന് വേണ്ടി കോടതിയിൽ ഹാജരാവുക.