കൊച്ചി: പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കൽ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്പാവൂർ കോടതി വിധി പറഞ്ഞത്. അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോൻസന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയുടെ ശിക്ഷ ഇന്ന്ഉച്ചയ്ക്ക് ശേഷം വിധിക്കും.
ഇതോടെ മോൺസൺ മാവുങ്കലിനെതിരായ രണ്ടാമത്തെ കേസിലാണ് വിധി വന്നത്. മോൻസൻ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ ഇയാളുടെ മേക്കപ്പ്മാനായ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി വിധി പറഞ്ഞത്. ജോഷി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായം ചെയ്തെന്നുമായിരുന്നു മോൻസനെതിരേ ചുമത്തിയിരുന്ന കുറ്റം.
ഇതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസൽ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ മോൻസൻ മാത്രമായിരുന്നു പ്രതി. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ തുടർന്ന് പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോൻസന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. 2022ലാണ് കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്.
പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോൻസനെതിരേ പോക്സോ പരാതിയുമായി ജീവനക്കാരിയുമെത്തിയത്. മോൻസനെ ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി അന്ന് വ്യക്തമാക്കിയിരുന്നു.