കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തനിക്കും ഗായികയുമായ അമൃത സുരേഷിനെതിരെയും നടക്കുന്ന സെെബർ ആക്രമണത്തിൽ നിയമനടപടിയുമായി ഗായിക അഭിരാമി സുരേഷ്. തങ്ങൾക്കെതിരെ മോശം കമെൻ്റ് ഇട്ടയാൾക്കെതിരെയും മോശമായി ചിത്രീകരിച്ച യൂട്യൂബർക്കെതിരെ അഭിരാമി പരാതി നൽകിയതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി.
യൂട്യൂബർ തന്നെ വ്യക്തഹത്യ ചെയ്തുവെന്നും ഒരു തെളിവുമില്ലാതെ ആരോപണം ഉന്നയിക്കുന്നുവെന്നും അഭിരാമി പരാതിയിൽ പറയുന്നു. കൂടാതെ തന്റെ അമ്മയെ പോലും അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് യൂട്യൂബറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അഭിരാമി വ്യക്തമാക്കി. കൂടാതെ ഫേസ്ബുക്ക്പോസ്റ്റിൽ അപകീർത്തിപ്പെടുത്തുന്ന കമൻ്റ് രേഖപ്പെടുത്തിയ ആളുടെ പേരുവിവരവും തന്റെ ഫേസ്ബുക്കിലൂടെ ഗായിക വെളിപ്പെടുത്തി. തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഏതറ്റംവരെ വേണമെങ്കിലും പോകുമെന്നും അഭിരാമി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.
വാർത്ത പുറത്തുവന്നതിനു പിന്നാലെ നിരവധിപ്പേരാണ് ഗായികയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. ബാല- അമൃത വിഷയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമാണ്. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നിൽ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടൻ ബാല ആരോപിച്ചിരുന്നു.
അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്നും ബാല ഈയിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന് പിന്നാലെ ബാലയ്ക്കെതിരെ മകൾ രംഗത്തെത്തി. അച്ഛൻ പറയുന്നതെല്ലാം കള്ളമാണെന്നും തന്റെ അമ്മയെ ഉപദ്രവിക്കുന്ന ഒരച്ഛനെ എങ്ങനെ സ്നേഹിക്കാനാവുമെന്നും കുട്ടി ചോദിക്കുന്ന വീഡിയോ കുട്ടിതന്നെ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ അമൃത സുരേഷും ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഏറ്റവും ഒടുവിൽ ബാല– അമൃത സുരേഷ് വിഷയത്തിൽ പ്രതികരണവുമായി അഭിരാമി സുരേഷും എത്തി. പിന്നാലെ സെെബർ ആക്രമണം ശക്തമാവുകയായിരുന്നു.