മുംബൈ: മകളെ നിരന്തരം ഉപദ്രവിക്കുന്ന മരുമകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ഗദ്ധിങ്ലാജ് സ്വദേശികളായ ഹനുമന്തപ്പ കാലെ (48) ഭാര്യ ഗൗരവ കാലെ(45) എന്നിവരെയാണ് ഓടുന്ന ബസിൽവച്ച് മരുമകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത്. ഇവരുടെ മകളുടെ ഭർത്താവായ സന്ദീപ് ഷിർഗാവെ (35)യാണ് കൊല്ലപ്പെട്ടത്. മകളെ നിരന്തരം ഉപദ്രവിക്കുന്നതു സഹിക്കവയ്യാതെയാണ് മരുമകനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ പോലീസിനു കൊടുത്തിരിക്കുന്ന മൊഴി.
വ്യാഴാഴ്ച പുലർച്ചെയാണ് സന്ദീപിനെ അബോധാവസ്ഥയിൽ കോലാപൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ കണ്ടെത്തിയത്. പിന്നീട് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് അറിയിച്ചതോടെ പോലീസിന് സംശയം ബലപ്പെട്ടു. ഇതിനിടെ യുവാവിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിൽ ചില രേഖകളും ഭാര്യയുടെ ഫോൺ നമ്പരും ഉണ്ടായിരുന്നു. തുടർന്ന് പോലീസ് ഭാര്യയെ ഫോണിൽ വിളിച്ചു.
തന്റെ മാതാപിതാക്കൾക്കൊപ്പം സന്ദീപ് കഴിഞ്ഞദിവസം ബസിൽ യാത്ര തിരിച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഭാര്യയുടെ മൊഴി. ഇതിനു പിന്നാലെ സന്ദീപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയ ബസ് സ്റ്റാൻഡിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ ഒരു സ്ത്രീയും പുരുഷനും സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഹനുമന്തപ്പയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകളെ ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇക്കാര്യം മകൾ നിരന്തരം പറയാറുണ്ടെന്നും ഇരുവരും മൊഴി നൽകി. ഇനിയും ഭർത്താവ് ഉപദ്രവിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ ഭീഷണി മുഴക്കിയിരുന്നു. സംഭവ ദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാനായി ഗ്രാമത്തിലെത്തി. തുടർന്ന് ഇയാളെ തിരികെ പറഞ്ഞയച്ച് ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ടെങ്കിലും അല്പസമയത്തിനകം വീണ്ടും തിരിച്ചെത്തി. മദ്യപിച്ചശേഷമാണ് ഇത്തവണ സന്ദീപ് വീട്ടിൽവന്നത്. തുടർന്ന് പ്രതികൾ വീണ്ടും മരുമകനെ ബസിൽ കയറ്റി ഗ്രാമത്തിൽനിന്ന് കൊണ്ടുപോയി. ബസിലിരുന്ന് സന്ദീപ് ഉറങ്ങുന്നതിനിടെ ട്രാക്ക് പാന്റ്സിന്റെ നാട ഉപയോഗിച്ച് ഇയാളുടെ കഴുത്തിൽ മുറുക്കിയെന്നും മരണം ഉറപ്പുവരുത്തിയെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു. പിന്നീട് ബസ് കോലാപൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ സന്ദീപിനെ താങ്ങിയെടുത്ത് പുറത്തെത്തിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിലെ ഭക്ഷണശാലയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായതെന്നും പ്രതികൾ പറഞ്ഞു.