കൊച്ചി: ബാലചന്ദ്രമേനോനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കും അഭിഭാഷകനും പിന്നാലെ സംപ്രേഷണം ചെയ്ത യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്,
തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ച വീഡിയോ ചാനൽ പുറത്തുവിട്ടതിനു പിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വീഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
അതോടൊപ്പം തന്റെ ഭാര്യയെ വിളിച്ച് ഇത്തരത്തിലൊരു വെളിപ്പെടുത്തലുണ്ടാകുമെന്നു ഭീഷണിപ്പടുത്തിയ നടിയുടെ അഭിഭാഷകനെതിരെയും ബാലചന്ദ്രമേനോൻ പരാതി നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി.
നടൻ ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി തന്നെയാണ് ബാലചന്ദ്ര മേനോനെതിരെയും ആരോപണമുന്നയിച്ച് രംഗത്തു വന്നത്.
അഭിഭാഷകൻ തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു സംഭവം. പിന്നീട്നടി തനിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.