മുംബൈ∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ പ്രധാന വിക്കറ്റ് കീപ്പറാകും.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ കഴിഞ്ഞ ഐപിഎലിന്റെ പ്രധാന കണ്ടെത്തൽ യുവപേസർ മയാങ്ക് യാദവ്, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. 15 അംഗ ടീമിൽ ജിതേഷ് ശർമയാണ് രണ്ടാം വിക്കറ്റ് കീപ്പർ. എന്നാൽ വൈസ് ക്യാപ്റ്റൻ ആരെന്നു ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. യുവതാരങ്ങളായ അഭിഷേക് ശർമ, റിയാൻ പരാഗ് എന്നിവരും ടീമിലുണ്ട്. ഒക്ടോബർ ആറിന് ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒൻപതിന് ന്യൂഡൽഹിയിലും 12ന് ഹൈദരാബാദിലുമാണ് മറ്റു മത്സരങ്ങൾ.
കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരെ പരിഗണിച്ചില്ല. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്. യശസ്വി ജയ്സ്വാളിനും ശുഭ്മാൻ ഗില്ലിനും വിശ്രമം അനുവദിച്ചതും സഞ്ജുവിന് ഗുണം ചെയ്തു. 2026-ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ സെലക്ഷൻ നീക്കങ്ങൾ. മായങ്ക് യാദവ് ഉൾപ്പെടെയുള്ള താരങ്ങളെ നേരത്തേ കണ്ടെത്തി മികച്ച ടി20 ടീമിനെ കെട്ടിപ്പെടുക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), അർഷ്ദീപ് സിങ്, ഹർഷിത് റാണ, മയങ്ക് യാദവ്.