അർജുനെ ജീവനോടെ ലഭിക്കാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്തു നോക്കിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണസെയിൽ. പക്ഷെ അവനെ ജീവനോടെ കൊണ്ടുവരാനായില്ല. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചപ്പോൾ കിട്ടിയ കളിപ്പാട്ടമാണ് തന്നെ ഇവിടെവരെയെത്തിച്ചത്. ആ കുഞ്ഞുകളിപ്പാട്ടം തന്നെ ഒരുപാട് വേദനിപ്പിച്ചെന്നും എംഎൽഎ.
‘ഇതുപോലൊരു ദൗത്യം ജീവിതത്തിലാദ്യമാണ്. കേരളത്തിലെ മാധ്യമങ്ങൾക്ക് വലിയൊരു സല്യൂട്ട്. കേരളത്തിന്റെ ഈ ഐക്യം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. രക്ഷാദൗത്യത്തിൽ പങ്കെടുത്ത എല്ലാ ടീമും അവരാൽ കഴിയുന്നതെല്ലാം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു
അർജുനെ രക്ഷിക്കാൻ തന്നാൽ കഴിയുന്നതോരോന്നും ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞ എംഎൽഎ കേരളത്തിലെ ജനപ്രതിനിധികൾ വളരെയധികം സഹായിച്ചുവെന്നും ഓർത്തു. ആദ്യദിവസം മുതൽ അർജുനെ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അന്ന് മുതൽ സാങ്കേതിക ഉപകരണങ്ങളെല്ലാം ഉപയോഗിച്ച് പരിശോധനകൾ നടത്തി. പിന്നീടാണ്, ഡ്രഡ്ജർ എത്തിക്കാൻ ആവശ്യപ്പെട്ടത്. ഗോവയിൽനിന്ന് ഡ്രെഡ്ജറും എത്തിച്ചു. കഴിയുന്ന രീതിയിലെല്ലാം പരിശ്രമിച്ചെങ്കിലും അർജുനെ ജീവനോടെ രക്ഷിക്കാനായില്ല. ഒപ്പം നിന്ന മാധ്യമങ്ങൾക്ക് നന്ദി. ഈശ്വർ മാൽപെയും മികച്ച രീതിയിൽ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. കർണാടക സർക്കാർ അർജുന്റെ കുടുംബത്തിനായി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും അർജുന്റെ അമ്മയ്ക്ക് കൈമാറും.