തൃശൂർ: തൃശൂരിൽ മൂന്നിടത്തായി വൻ എടിഎം കവർച്ച. മുഖംമൂടി ധരിച്ച് കാറിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ നഗരത്തിലെ കോലഴിയിലാണ് ആദ്യത്തെ എടിഎം കൊള്ളയടിക്കപ്പെട്ടത്. രണ്ടാമത്തേത് നഗരത്തോട് ചേർന്ന് ഷൊർണൂർ റോഡിലും മൂന്നാമത്തേത് ഇരിങ്ങാലക്കുട മാപ്രാണത്തുമാണ്. ഒരേ സംഘം തന്നെയാണ് മൂന്നിടത്തും മോഷണം നടത്തിയതെന്നാണ് നിഗമനം. സംഘം തെരഞ്ഞെടുത്തത് വ്യത്യസ്ത മൂന്ന് പോലീസ് പരിധിയിൽ വരുന്ന എടിഎമ്മുകളാണ്. മൂന്നിടത്തും കൊള്ളയടിക്കപ്പെട്ടത് എസ്ബിഐ എടിഎമ്മുകളാണ്.
വ്യത്യസ്തയിടങ്ങളിൽ നടന്ന മോഷണത്തിൽ ഏകദേശം 60 ലക്ഷം രൂപ നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് മോഷണം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കുകയായിരുന്നു.
വെളുത്ത കാറിലാണ് കൊള്ളസംഘം ഈ സ്ഥലത്ത് യാതൊരു തരത്തിലെ സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ലായെന്നത് മനസിലാക്കിയാണ് എടിഎം തകർത്തത്.
മൂന്നിടത്തും എടിഎമ്മിലെ ക്യാമറ തകർത്തശേഷമാണ് മോഷണം നടത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അന്തർസംസസ്ഥാന മോഷ്ടാക്കളാണ് ഇതിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. പോലീസ് സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.