കോഴിക്കോട്: ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ യുവതി ബെംഗളൂരുവിൽ അറസ്റ്റിൽ. മലപ്പുറം വാക്കാലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25)യാണ് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു എയർപോർട്ടിൽനിന്ന് പിടിയിലായത്.
കോഴിക്കോട് സ്വദേശിയിൽനിന്ന് അഞ്ചുകോടി ഇരുപതുലക്ഷം രൂപ പലതവണയായി ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസൽബാബുവും ചേർന്ന് കൈക്കലാക്കിയെന്നാണ് പരാതി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിക്കുന്നതു വഴി വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് 2023 ഒക്ടോബർ മുതൽ പലതവണയായി പരാതിക്കാരൻ സുമയ്യയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ലാഭമോ, മുടക്കു മുതലോ കിട്ടാതെ വന്നതോടെ കോഴിക്കോട് സ്വദേശിയായ ബിസിനസുകാരൻ പന്തീരാങ്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെ ഒരു കോടി 58 ലക്ഷം രൂപ തിരികെ നൽകി. ബാക്കി പണം നൽകാതെ ഫൈസൽബാബു വിദേശത്തേക്ക് മുങ്ങിയെന്ന് പരാതിക്കാരൻ പറയുന്നു.
സംഭവം കേസായെന്നു മനസിലായതോടെ ഭർത്താവിന്റെ അടുത്തേക്ക് വിദേശത്തേക്കു പോവാനുള്ള ശ്രമത്തിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസിനെത്തുടർന്ന് സുമയ്യ വിമാനത്താവളത്തിൽ പോലീസിന്റെ പിടിയിലായത്. ഇങ്ങനെ സമാന രീതിയിൽ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നുകാണിച്ച് നിരവധി പരാതികൾ ദമ്പതിമാരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലുണ്ട്. പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ജി. ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.