കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ കൂടുതൽ നിയമ നടപടികളിലേക്ക് കടക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടിലെ 20 ൽ അധികം മൊഴികൾ കേസെടുക്കാൻ പര്യാപ്തവും ചിലത് പോക്സോ സ്വഭാവമുള്ളതുമാണ്. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം നിയമനടപടി തുടരാൻ ആഗ്രഹിക്കുന്നവരുടെ മൊഴിയിൽ അടുത്ത മൂന്നാം തീയിതിക്കുള്ളിൽ കേസെടുക്കും.
എന്നാൽ മൊഴി നൽകിയവരുടെ താൽപര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. പൂർണമായ പേരും മേൽവിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ, റിപ്പോർട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക സംഘത്തിൻറെ യോഗത്തിലാണ് ഈ തീരുമാനം.
ഹേമ കമ്മിറ്റിയുടെ യഥാർത്ഥ റിപ്പോർട്ടിൽ 3896 പേജുകളുണ്ട്. പല ഭാഗങ്ങളായി ഇത്രയും പേജുകൾ അന്വേഷണ ഉദ്യോഗസ്ഥർ വായിച്ചിരുന്നു. കൂടാതെ വരുന്ന മൂന്നു ദിവസത്തിനുള്ളിൽ ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനും തീരുമാനം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെടും. അവരെ കണ്ടെത്താൻ മൊഴി നൽകിയവരുടെ താൽപര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക.