കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ എംഎൽഎയും നടനുമായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവും മൂവാറ്റുപുഴ സ്വദേശിനിയുമായ യുവതിയാണ് ഇവർക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. തന്നെ പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു എന്നാണു യുവതിയുടെ ആരോപണം. കൂടാതെ കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. ഈ പറയുന്ന നടി സെക്സ് മാഫിയയുടെ കണ്ണിയാണെന്നു യുവതി പറഞ്ഞു. ഇതു സംബന്ധിച്ച്ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി.
സംഭവത്തെ കുറിച്ച് യുവതി പറയുന്നതിങ്ങനെ: തന്നെ ചെന്നൈയിലുള്ള സംഘത്തിനു കാഴ്ച വയ്ക്കുന്ന സമയത്ത് തനിക്ക് 16 വയസായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണു അവിടെ നിന്നും രക്ഷപ്പെട്ടത്.
പിന്നീട് ഇവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് അവർ എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ അന്ന്പറഞ്ഞത്- യുവതി വെളിപ്പെടുത്തി.