ആലപ്പുഴ∙ മാരാരിക്കുളം കോർത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേർന്നു കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) മകൻ രാധാകൃഷ്ണൻ തിരിച്ചറിഞ്ഞു. എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്രയെ കാണാനില്ലെന്ന് മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് സുഭദ്രയുടേതെന്ന് സംശയിക്കുന്ന മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ ഉൾപ്പെടെ സാമ്പിൾ ശേഖരിക്കും. ഇതിനിടെ സുഭദ്രയുമായി സൗഹൃദമുണ്ടായിരുന്ന ദമ്പതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണ് കലവൂരിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. ഓഗസ്റ്റ് 7നു കൂലിപ്പണിക്കാരനെക്കൊണ്ട് വാടക വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. പിന്നീട്ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്. ഇരുവരും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം.
എവിടെയും ഒന്നിച്ച് യാത്ര പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചതിനെ ചൊല്ലി മൂന്നുപേരും തമ്മിൽ തെറ്റിയിരുന്നു. പിന്നീട് വീണ്ടും ഇവർ അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൈയിലുണ്ടായിരുന്ന സ്വർണം തട്ടിയെടുത്ത് കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നാണ് വിവരം.