തിരുവനന്തപുരം: ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ആവശ്യം സർക്കാരിനില്ല, ആർഎസ്എസിനെ എന്നും എതിർത്തിട്ടുള്ളത് സിപിഎമ്മാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറി- എഡിജിപി കൂടിക്കാഴ്ചയിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനാണ് ആർഎസ്എസ് ബന്ധമെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്എസിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ചെങ്കിലും എഡിജിപി അജിത് കുമാറിനെതിരെ ഒരു വാക്കുപോലും മിണ്ടാതെ മൗനം പാലിച്ചു.
എന്തോ വല്യ കാര്യം നടന്നെന്ന് വരുത്താനാണ് കോൺഗ്രസിന്റെ ശ്രമം. ആർക്കാണ് ആർഎസ്എസ് ബന്ധം? തലശേരി കലാപകാലത്ത് ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാറുകാരെ നേരിടാനായി കമ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. തലശേരി കലാപത്തിൽ പലർക്കും പലതും നഷ്ടപ്പെട്ടു. എന്നാൽ ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്കു മാത്രമായിരുന്നു– സഖാവ് വി.കെ. കുഞ്ഞിരാമന്റെ ജീവൻ. അത് സംഘപരിവാറുകാരെ തടയാൻ നിന്നതു കൊണ്ടാണ്. കോൺഗ്രസ് ചെയ്തത് ആർഎസ്എസിന്റെ ശാഖയ്ക്ക് സംരക്ഷണം നൽകുകയാണ്. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകുമെന്ന് വിളിച്ചു പറഞ്ഞത് കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ്. എടക്കാട്, തോട്ടട മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. അപ്പോൾ ആർക്കാണ് ആർഎസ്എസ് ബന്ധമെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ ആർഎസ്എസിനെ കാണാൻ എഡിജിപിയുടെ സഹായം തേടേണ്ടയാവശ്യം പാർട്ടിക്കില്ല. ഒരു ഡീൽ ഉണ്ടാക്കണമെങ്കിൽ നേരിട്ട് മോഹൻ ഭാഗവതിനെ കണ്ടാൽ മതിയെല്ലേയെന്നും എംവി ഗോവിന്ദൻ ചോദിച്ചു.