ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ അയാളെ താൻ മർദിച്ചതായി നടൻ ദർശന്റെ കുറ്റസമ്മത മൊഴി. കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ദർശന്റെ കുറ്റസമ്മത മൊഴി വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച രേണുകാസ്വാമിയുടെ നെഞ്ചിലും കഴുത്തിലും തലയിലും താൻ മർദിച്ചെന്നാണ് ദർശന്റെ മൊഴി. കൂടാതെ പവിത്രയോട് രേണുകാസ്വാമിയെ ചെരിപ്പ് കൊണ്ടടിക്കാൻ ആവശ്യപ്പെട്ടെന്നും നടൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
താൻ കാണുന്നതിന് മുൻപ് തന്നെ പവിത്രയുടെ ആൾക്കാർ അയാളെ നന്നായി മർദിച്ചുരുന്നു. താനെത്തുമ്പോൾ രേണുകാസ്വാമി അവശനായിരുന്നു. എങ്കിലും ഞാൻ അയാളുടെ കഴുത്തിന് സമീപത്തും നെഞ്ചിലും തലയിലും ചവിട്ടി. കൈകൊണ്ടും തടികഷണം കൊണ്ടും മർദിച്ചു. അയാളെ ചെരിപ്പ് കൊണ്ടടിക്കാൻ പവിത്രയോട് ആവശ്യപ്പെടുകയുംചെയ്തു”, നടൻ കുറ്റസമ്മതമൊഴിയിൽ പറഞ്ഞു.
ദർശന്റെ കടുത്ത ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ദർശന്റെ കുടുംബ ജീവിതം സുഹൃത്തായ പവിത്ര ഗൗഡ തകർക്കുന്നുവെന്ന് പറഞ്ഞ് അവർക്ക് അശ്ലീല സന്ദേശമയച്ചിരുന്നു, ഇതിൽ പ്രകോപിതരായ ഇവർ രേണുക സ്വാമിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ദർശന്റെ നിർദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുർഗയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാർക്കിങ് കേന്ദ്രത്തിലെത്തിച്ച് മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ജൂൺ 9ന്പുലർച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് കൊലക്കുറ്റം ഏറ്റെടുത്ത് മൂന്നുപേർ കാമാക്ഷിപാളയ പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ, സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നടൻ ദർശനും നടി പവിത്രയ്ക്കും കൊലപാതകത്തിൽ പങ്കുള്ളതായി കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും മൈസൂരുവിലെ ഫാംഹൗസിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
രേണുകസ്വാമിയെ അതിക്രൂരമായാണ് ഇരുവരും കൊലപ്പെടുത്തിയതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. യുവാവിനെ ഷോക്കേൽപ്പിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. രേണുകാസ്വാമിയുടെ ശരീരമാസകലം മുറിവുകളുണ്ടായിരുന്നു. ഒരു ചെവി കാണാനില്ലായിരുന്നു. ക്രൂരമർദനത്തിലും ഷോക്കേൽപ്പിച്ചും ജനനേന്ദ്രിയം തകർത്തതായും പോലീസ് പറഞ്ഞിരുന്നു. കേസിൽ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. നടൻ ദർശൻ രണ്ടാംപ്രതിയും. ഇവർക്ക് പുറമേ 15 പേർ കൂടി കേസിലെ പ്രതിപ്പട്ടികയിലുണ്ട്.