തിരുവനന്തപുരം: എംഎൽഎ പിവി അൻവർ പോലീസിനു നേരെ തൊടുത്തുവിട്ട അമ്പ് പ്രതിപക്ഷ നേതാവ് ഏറ്റെടുത്തതോടെ വിവാദങ്ങൾ ചൂടുപിടിക്കുന്നു. എഡിജിപി അജിത് കുമാറിനെതിരെ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ച് പിന്മാറിയതിന് പിന്നാലെയാണ് ആർഎസ്എസ് ബന്ധമാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്.
തൃശൂർ പൂരത്തിനിടെ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്നായിരുന്നു നേതവിന്റെ ആരോപണം. എന്നാൽ ഇതന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത് എഡിജിപി ആർഎസ്എസ് ജനറൽ സെക്രട്ടറിയെ മാത്രമല്ല മുതിർന്ന ആർഎസ്എസ് നേതാവ് രാംമാധവിനേയും കണ്ടുവെന്നാണ്. കോവളത്തെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ഈ കൂടിക്കാഴ്ചയെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂരെ കൂടിക്കാഴ്ച തികച്ചും വ്യക്തിപരമെന്ന് മുഖ്യമന്ത്രിയെ അറിയിച്ച എഡിജിപി അടുത്ത കൂടിക്കാഴ്ചയുടെ കാരണങ്ങൾ ഇതുവരെ പുറത്തുപറഞ്ഞിട്ടില്ല.
കോവളത്തെ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബിജെപി മുൻ ജനറൽ സെക്രട്ടറി കൂടിയായ രാംമാധവുമായി രണ്ടുതവണ എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ സജീവ സാന്നിത്യമായി എഡിജിപി തൃശൂരിലും ഗുരുവായൂരിലുമായി ഉണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
2014 മുതൽ 2020 വരെ ബിജെപി സംഘടനാ കാര്യങ്ങളിൽ പ്രധാന പങ്കുവഹിച്ച നേതാവായിരുന്നു രാം മാധവ്. 2020 ൽ ഇദ്ദേഹത്തെ ബിജെപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും. ജമ്മു-കശ്മീർ തിരഞ്ഞെടുപ്പിന്റെ ചുമതല രാംമാധവിനും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിക്കും കഴിഞ്ഞദിവസം ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ നൽകിയിരുന്നു.
എഡിജിപിയുടെ ഈ പുതിയ ബന്ധം എന്തിന്റെ പേരിലാണെന്ന ആകാംഷയിലാണ് ഏല്ലാവരും. ആർഎസ്എസും- സിപിഎമ്മും തമ്മിൽ സൈദ്ധാന്തികമായി വിരുദ്ധ ചേരിയിലാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഈ കൂടിക്കാഴ്ചകൾ ആർക്കുവേണ്ടിയാണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ എഡിജിപി ആരെയെങ്കിലും കണ്ടാൽ പാർട്ടിക്ക് എന്തുചെയ്യാനാകുമെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.