കൊച്ചി: ലൈംഗിക പീഡനക്കേസിൽ മുകേഷ് എംഎൽഎയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകും. മുൻകൂർ ജാമ്യം റദ്ദാക്കിയില്ലെങ്കിൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകുക. ഇതു സംബന്ധിച്ച് സർക്കാർ അഭിഭാഷകരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം നിയമോപദേശം ആരാഞ്ഞ ശേഷമാണ് ഹർജി കൊടുക്കാനൊരുങ്ങുന്നത്.
. നടിയെ പീഡിപ്പിച്ചെന്ന കേസിൽ മുകേഷിനും നടൻ ഇടവേള ബാബുവിനും കഴിഞ്ഞ ദിവസമാണ് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നിബന്ധനകളോടെയാണ് ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
തനിക്കെതിരെയുള്ള നടിയുടെ പരാതി വ്യാജമാണെന്നും തന്നെ ഇവർ ബ്ലാക്മെയിൽ ചെയ്തുവെന്നും മുകേഷ് നേരത്തെ കോടതിയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച തെളിവുകൾ അഭിഭാഷകനു കൈമാറുകയും ചെയ്തിരുന്നു.