മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറാകും. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. ഇതോടെയാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു എത്തുക.
ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പര കഴിഞ്ഞ് നാലു ദിവസത്തിനു ശേഷം ടീം ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെതിരെ ടെസ്റ്റ് മത്സരം കളിക്കേണ്ടതുണ്ട്. കിവീസിനെതിരായ പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരങ്ങൾ ബോർഡർ ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പോകും. ഈ സാഹചര്യത്തിലാണ് ഗില്ലിന് ബംഗ്ലാദേശിനെതിരായ ട്വന്റി20യിൽ വിശ്രമം നൽകാൻ ബിസിസിഐ ആലോചിക്കുന്നത്.
ഗില്ലിന്റെ അഭാവത്തിൽ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണർമാർ. സിംബാബ്വെയ്ക്കെതിരെ അരങ്ങേറ്റ മത്സരം കുറിച്ച യുവതാരം അഭിഷേക് ശർമയും ട്വന്റി20 ടീമിലേക്കു മടങ്ങിയെത്തിയേക്കും. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിങ്ങായിരിക്കും മധ്യനിരയിൽ കളിക്കുക. ടെസ്റ്റ് മത്സരങ്ങളുടെ തിരക്കിലായതിനാൽ ഋഷഭ് പന്തും ട്വന്റി20 പരമ്പര കളിച്ചേക്കില്ല.
ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിയാൻ പരാഗ്, വാഷിങ്ടൻ സുന്ദർ എന്നിവരും ട്വന്റി20 ടീമിൽ കളിച്ചേക്കും. അതേസമയം അക്ഷർ പട്ടേലിന് വിശ്രമം അനുവദിക്കും. ട്വന്റി20 ലോകകപ്പിനു ശേഷം വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുമ്ര ശ്രീലങ്കയ്ക്കെതിരെയും കളിക്കില്ല. ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, അർഷ്ദീപ് സിങ് എന്നിവരായിരിക്കും 15 അംഗ ടീമിലെ പേസർമാർ. ഇവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ചാൽ ആവേശ് ഖാനാണ് അടുത്ത അവസരം. സ്പിന്നർ യുസ്വേന്ദ്ര ചെഹൽ ടീമിൽ മടങ്ങിയെത്തും. മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയിലുള്ളത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും സന്നാഹ മത്സരത്തിൽ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിരുന്നുള്ളു.