തിരുവനന്തപുരം: താൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ല, സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി മാറി നിൽക്കുകയായിരുന്നുന്നെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഭാര്യയുടെ സർജറിയുടെ ഭാഗമായി ദൂരെയായിരുന്നു. അതോടൊപ്പം എന്റെ തന്നെ ഡെബ്യൂ ഫിലിമിന്റെ ഫൈനൽ സ്റ്റേജിലുള്ള വർക്കുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നുവെന്നും അദ്ദേഹം.
ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. ഹേമ കമ്മിറ്റി തന്നേയും വിളിപ്പിച്ചിരുന്നു. എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. പലപ്പോഴും മൊത്തത്തിലുള്ള കാര്യങ്ങൾ ചോദിച്ചു.
സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. പക്ഷെ എന്തിനും ഏതിനും അമ്മ എന്ന കമ്മിറ്റിയെ കുറ്റപ്പെടുത്തുന്ന സംഭവങ്ങളാണ് കുറച്ചായി കണ്ടു വരുന്നത്. ഞാനിപ്പോൾ സംസാരിക്കുന്നത് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നല്ല, മറിച്ച് വളരെയധികം കാലം അമ്മയിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിലാണ്. എല്ലാ മേഖലകളിലും തെറ്റായ തീരുമാനങ്ങളുണ്ടായിട്ടുണ്ട്. അത് പരിഹരിക്കുകയാണ് വേണ്ടത്. മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല, ഞാൻ ആദ്യമായാണ് കേഴ്ക്കുന്നത്. കോടതിയുടെയടുത്തുള്ള കാര്യത്തിൽ തീരുമാനം പറയാൻ ഞാനാളല്ലെന്നും മോഹൻലാൽ പറഞ്ഞു.
കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം. ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അമ്മ എന്നത് ട്രേഡ് യൂണിയനല്ല, താരങ്ങുടെ സംരക്ഷണത്തിനു വേണ്ടി തുടങ്ങിയ ആശയമാണ്. ജൂനിയർ ആർട്ടിസ്റ്റുകളെ സംരക്ഷിക്കാൻ അവർക്കുമൊരു സംഘടന വേണം. നമ്മൾ പലപ്പോഴും പോകുമ്പോൾ ഒരു ഏജൻസിയാണ് ആൾക്കാരെ കൊണ്ടു വരുന്നത്. അതിനാൽ ഇതിനൊരു നിയമ നിർമാണമുണ്ടാക്കാൻ പറ്റണം. അങ്ങനെയായാൽ അവർക്കെതിരെയുള്ള ചൂഷണം നിയന്ത്രിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്നത് 10000 കണക്കിന് ആൾക്കാർ ജോലി ചെയ്യുന്ന ഒരു ഇൻഡസ്ട്രി തകർന്നു പോകുന്ന കാര്യമാണ്. വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പ്രസ്ഥാനമാണ്. അതിനാൽ ദയവുചെയ്ത് ഞങ്ങളിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സിനിമാ ഇൻഡസ്ട്രിയെ തകർക്കരുത്. കാരണം ഇതിനായി ഒരു സർക്കാരുണ്ട്. അവരു നിയമിച്ച ഒരു കമ്മിറ്റിയുണ്ട്. പോലീസ് ഉണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ്. അതിനാൽ ആധികാരികമായി അഭിപ്രായം പറയാനാകില്ല, ഞാൻ പറയില്ല. അസോസിയേഷന് വിയോജിപ്പുകളുണ്ടാകാം, തെറ്റുദ്ധാരണകളുണ്ടാകാം. അങ്ങനെയുള്ളവർക്ക് വേണമെങ്കിൽ ഇലക്ഷൻ വയ്ക്കാം. മത്സരിക്കാം, അവർക്ക് വേണമെങ്കിൽ തീരുമാനങ്ങളെടുക്കാം.
മീഡിയ എപ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴും പല മീഡിയകളുമായി ചേർന്ന് ഷോകൾ ചെയ്യുന്നുണ്ട്. അതിന്റെ തുക വയനാടിന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. മുൻപും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇത്തരം കമ്മിറ്റി എല്ലാ മേഖലകളിലും വരട്ടെ, ഇതൊരു മൂവ്മെന്റായി മാറണം. എല്ലാവരും കൂടി സഹകരിച്ച് ഈ ക്രൈസിസിനെ മറികടന്ന് ഇതിരെ റീ കൺസ്ട്രിക്റ്റ് ചെയ്തെടുക്കണെന്നും അദ്ദേഹം പറഞ്ഞു.