തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പ്രസിദ്ധപ്പെടുത്താത്തത് ജസ്റ്റീസ് ഹേമയുടെ ശുപാർശപ്രകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വകാര്യത മാനിച്ച് റിപ്പോർട്ടിലെ മുഴുവൻ വിവരങ്ങൾ പുറത്തുവിടരുതെന്ന് കാണിച്ച് 2020 കത്ത് നൽകിയിരുന്നു. അന്നത്തെ സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മിഷൻ അത് പുറത്തുവിടേണ്ടതില്ലായെന്ന് പറഞ്ഞത്.
വ്യക്തികളെ ബാധിക്കുന്ന കാര്യങ്ങളുള്ളതിനാൽ കമ്മിഷൻ ചെയർമാൻ വിൻസെന്റ് എം പോൾ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. ആ ഉത്തരവിനെ ഓവർഫ്ലോ ചെയ്താണ് 2024 ഉത്തരവ് പ്രസിദ്ധപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സ്വകാര്യത ഖനിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി റിപ്പാർട്ട് പ്രസിദ്ധപ്പെടുത്താൻ കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ പിന്നീട് ഹൈക്കോടതി സ്റ്റേ നൽകുകയായിരുന്നു ആ സ്റ്റേ മാറ്റിയതിന് ശേഷമാണ് പിന്നീട് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ അമാന്തം കാണിച്ചിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുകേഷ് രാജിവയ്ക്കണ്ട എന്ന തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ കേസന്വേഷണത്തിൽ എംഎൽഎ എന്ന രീതിയുലുള്ള യാഥൊരാനുകൂല്യങ്ങളും ലഭിക്കില്ല. സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കും. ധാർമികമായി രാജി വച്ചാൽ കുറ്റവിമുക്തനാക്കപ്പെട്ടാൽ ധാർമികതയുടെ പേരിൽ തിരിച്ചുവരാനുള്ള നിയമസംഹിതയില്ല. അത്തരമൊരു നീതി നിഷേധിക്കുന്നതിനേ വഴിവയ്ക്കുകയുള്ളു. അതിനാൽ ധാർമിതയുടെ പേരിൽ രാജി വയ്ക്കില്ലെന്നും എംവി ഗോവിന്ദൻ. സ്വതന്ത്രവും നിഷ്പക്ഷവുമായുള്ള നിലപാട് ഇക്കാര്യത്തെലെടുക്കും. കുറ്റാരോപിതൻ എന്ന രീതിയിൽ രാജി ആവശ്യപ്പെടില്ല. കുറ്റം തെളിഞ്ഞാൽ യാഥൊരു വിട്ടുവീഴ്ചയും ചെയ്യില്ല. രണ്ടും വേർതിരിച്ച് മനസിലാക്കണം.
ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതാനായി സർക്കാർ നിർദേശിച്ച അന്വേഷണ കമ്മീഷൻ നിലവിൽ 11 എണ്ണത്തിൽ കേസെടുത്തിട്ടുണ്ട്. സർക്കാർ ഒരമാന്തവും കാണിച്ചിട്ടില്ല. ഭരണപക്ഷത്തെ എംഎൽഎയ്ക്കെതിരെ പോലും കേസെടുത്ത് മുന്നോട്ടു പോകുന്ന സർക്കാരാണിത്. ഇക്കാര്യത്തിൽ മണിപ്പൂരിലും ഗുസ്തിത്താരങ്ങൾക്കെതിരായുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം നമുക്കറിയാം.
ഇന്ത്യാ രാജ്യത്ത് 16 എംപിമാരും 135 എംഎൽഎമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. നിലവിൽ ബിജെപി- 54, കോൺഗ്രസ്-23 ആംആദ്മി പാർട്ടി-13, ടിഡിപി-17 എന്നിങ്ങനെ വിവിധ കേസുകളിൽ പ്രതികളായിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. കേരളത്തിലിപ്പോൾ രണ്ട് എംഎൽഎമാർക്കെതിരെ കേസുണ്ട്. ഒരാൾ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. കേസ് ചാർജ് ചെയ്തിട്ടുണ്ട്. കൂടാതെ ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ, ശശീ തരൂർ ഉൾപ്പെടെ ഉള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോഴും ആരും രാജിവച്ചിട്ടില്ലെ്ന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മലയാള സിനിമ ലോകോത്തര നിലയിലേക്ക് ഉയർന്നു വരുമ്പോൾ മലയാള സിനിമ മുഴുവൻ മോശമാണെന്ന തരത്തിൽ ചിത്രീകരിക്കുന്ന പ്രവണത ഉയർന്നു വരുന്നുണ്ട്. ഇത് വസ്തുതകൾക്ക് നിരക്കുന്നതല്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ മലയാള സിനിമ പ്രതിസന്ധികളിലായിരുന്നു. ഇതിൽ മാറ്റം വരുത്തിയത് സർക്കാരാണ്. ഒ ടി ടി പ്ലാറ്റ്ഫോം ആദ്യമായി കൊണ്ടുവന്നത് കേരളത്തിലാണ്.
സിപിഎമ്മിൽ പവർ ഗ്രൂപ്പിൽ പവർ ഗ്രൂപ്പുണ്ടെന്നാണ് വിഡി സതീശൻ പറഞ്ഞത്. എന്നാൽ എഐസിസി മുൻ അംഗം സിനി റോസ്ബൽ പറഞ്ഞത് കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണം എന്നാണ്. പ്രീതിപ്പെടുത്താൻ പറ്റാത്തതിനാൽ പ്രതിപക്ഷനേതാവിന്റെ ഗുഡ്ബുക്കിൽ ഇടംകിട്ടിയില്ല, പ്രീതിപ്പെടുത്തിയാൽ എക്സ്പീരിയൻസ് ഇല്ലെങ്കിലും തലപ്പത്തെത്താം എന്നാണ്. നടക്കുന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം.സിനിമയിലെ പോലെ കോൺഗ്രസിലും പവർഗ്രൂപ്പുണ്ട്. ഈ പവർ എവിടുന്നാണ് കിട്ടിയതെന്ന് നോക്കിയപ്പോഴാണ് കോൺഗ്രസിനിടയിൽ തന്നെ നടത്തുന്ന ചർച്ചയാണ് പവർഗ്രൂപ്പെന്നും ഈ ഗ്രൂപ്പിൽ പ്രതിപക്ഷ നേതാവുണ്ടെന്ന് സിനി റോസ്ബൽ പറഞ്ഞിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പരിഹസിച്ചു.