മുതിരുവനന്തപുരം∙ മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി പാർട്ടി. ഇന്നലെ ചേർന്ന സിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പകരം മുൻ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടിപി. രാമകൃഷ്ണൻ പുതിയ കണ്വീനറാകുമെന്ന് എംവി. ഗോവിന്ദൻ അറിയിച്ചു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ഇപി ഇന്നു നടക്കാനിരുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലെ സ്വവസതിയിലേക്ക്മടങ്ങി.കണ്ണൂരെത്തിയ ഇപിയെ കാണാൻ മാധ്യമങ്ങൾ ശ്രമിച്ചുവെങ്കിലും ഒന്നും പറയാനില്ല എന്ന ഒറ്റവാക്കിൽ മറുപടിയൊതുക്കി.
ഇപി– ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദം ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യാനിരിക്കെ കൺവീനർ സ്ഥാനം ഒഴിയാൻ ഇപി താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനപ്പുറം നടപടിയിലേക്ക് പാർട്ടി പോയി. സംഘടനാപരമായി കൺവീനർ സ്ഥാനത്തുനിന്ന് തന്നെ നീക്കിക്കൊണ്ട് നടപടിയെടുക്കാൻ മുന്നണിയോഗം തീരുമാനിക്കുകയായിരുന്നു.
ഇനി ഇപിക്കെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് കേന്ദ്ര കമ്മിറ്റിയാണ്. ഇപി- ബിജെപി വിഷയത്തിൽ പാർട്ടി തന്നെ പ്രതിക്കൂട്ടിൽ നിർത്തിയെന്നു മനസിലാക്കിയ ഇപി കുറച്ചുകാലമായി മുന്നണി യോഗങ്ങളിൽ പങ്കെടുക്കാതെ പ്രതിഷേധത്തിലായിരുന്നു. നാളെ മുതൽ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുകയാണ്. അതിനിടയിൽ ഇത്തരം നടപടികൾ പാർട്ടിക്കു സാധ്യമല്ല. അതിനാൽ സമ്മേളനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി നടപടി സ്വീകരിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങളിൽ പെട്ട ഇപിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു എന്നായിരുന്നു ഇതിൽ ഇപിയുടെ മറുപടി.