ചെന്നൈ: മലയാള സിനിമയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപണവുമായി തെന്നിന്ത്യൻ താരം രാധിക ശരത്കുമാർ. പിന്നീട് ഈ ദൃശ്യങ്ങൾ ലൊക്കേഷനിലിരുന്ന് പുരുഷന്മാർ കണ്ടതിന് താൻ ദൃക്സാക്ഷിയാണെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു സ്വകാര്യ ചാനലിനോടാണ് നടിയുടെ ഈ പ്രതികരണം.
സംഭവത്തെ കുറിച്ച് നടി പറഞ്ഞതിങ്ങനെ: ഒരു ലൊക്കേഷനിൽ കുറച്ച് പുരുഷർ മൊബെെലിൽ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. സംഭവമെന്താണെന്നറിയാൻ ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനിൽ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഇത്തരം ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുകയാണ് പതിവ്. പിന്നീട് ഈ നടിമാരുടെ പേര് അടിച്ചുകൊടുത്താൽ അത് കിട്ടും.
ഇതറിഞ്ഞശേഷം ഭയം കാരണം ലൊക്കേഷനിലെ കാരവാന് പിന്നീട് ഞാൻ ഉപയോഗിച്ചില്ല. ഞാൻ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു. എന്നാൽ ഏതു ലൊക്കേഷനിൽ വച്ചാണ് ഇത്തരമൊരു സംഭവം കണ്ടതെന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.