പൊഴുതന: രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് 10,000 രൂപയ്ക്ക് തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടിയ്ക്ക് വിറ്റു. വിൽപ്പനയ്ക്ക് ഇടനിലക്കാരിയായി പ്രവർത്തിച്ച ആശാവർക്കർ ഉഷ (സീമ), കുട്ടിയുടെ മാതാവ്, അവരുടെ മാതാവ്, കുഞ്ഞിനെ സ്വീകരിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാർ എന്നിവർക്കെതിരേ വൈത്തിരി പോലീസ് കേസെടുത്തു. വയനാട്ടിൽനിന്ന് ഓഗസ്റ്റ് 11-നാണ് സംഭവം.
രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾക്ക് വിറ്റത്. തുടർന്ന് കുട്ടിയെ തിരുവനന്തപുരത്തിന് കൊണ്ടുപോരുകയായിരുന്നു. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാർഡിലെ പിണങ്ങോട് ഊരംകുന്നിൽ താമസിക്കുന്ന യുവതിയാണ് കുഞ്ഞിനെയാണ് വിറ്റത്. ഭർത്താവിൽനിന്ന്പിരിഞ്ഞുകഴിയുകയാണ് യുവതി.
ഒരാഴ്ചയായി കുഞ്ഞിനെ കാണാനില്ലെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് 18-ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) റിപ്പോർട്ട് നൽകി. സിഡബ്ല്യുസി ചെയർമാൻ ജോസ് കണ്ടത്തിലിന്റെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടർന്ന് കുട്ടിയെയും മാതാവിനെയും തിരുവനന്തപുരത്തു നിന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സീരിയൽ നടി മായ സുകു, ഭർത്താവ് സുകു എന്നിവർക്കാണ് കുഞ്ഞിനെ കൈമാറിയത്.
സംഭവത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച ഉഷയെ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുട്ടിയുടെ അമ്മ മുൻപ് അത്തിമൂലയിൽ വാടകയ്ക്ക് താമസിച്ചിരുന്നു. ഈ വാർഡിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ആശാ വർക്കറായ ഉഷ.
വൈത്തിരി പോലീസ് മാതാവിനെയും കുഞ്ഞിനെയും ഞായറാഴ്ച വയനാട്ടിലെത്തിച്ചു. കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ്.
ദമ്പതിമാരോട് വൈത്തിരി പോലീസ് സ്റ്റേഷനിൽ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്നും പ്രതികൾക്ക് നോട്ടീസ് നൽകുമെന്നും പോലീസ് അറിയിച്ചു.