അങ്കമാലി: ശില്പിയും ജാൻ-ഇ-മാൻ’, ‘തല്ലുമാല’, ‘മഞ്ഞുമ്മൽ ബോയ്സ്’, തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അനിൽ ഇന്നലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുരാജ് വെഞ്ഞാറമൂട് നായകനായെത്തുന്ന ‘തേക്ക് വടക്ക്’ ആണ് അനിലിന്റെ പുറത്തിറങ്ങാനുള്ള സിനിമ. അങ്കമാലിയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ആർട്ടിസ്റ്റ് അനുപമ ഏലിയസാണ് ഭാര്യ. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദവും (ബിഎഫ്എ) ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ശിൽപകലയിൽ മാസ്റ്റർ ഓഫ് ഫൈൻ ആർട്സും (എംഎഫ്എ) പൂർത്തിയാക്കിയ ശേഷമാണ് അനിലിൻ്റെ കലാരംഗത്തെ യാത്ര ആരംഭിച്ചത്.
ഹൈദരാബാദ് സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത്, സമകാലികനും സഹ വിദ്യാർത്ഥിയുമായ രോഹിത് വെമുലയുടെ സ്മാരക ശിൽപം അനിൽ സൃഷ്ടിച്ചു. അദ്ദേഹത്തിൻ്റെ കലാപരമായ കഴിവുകൾ പ്രശസ്തമായ കൊച്ചി -മുസിരിസ് ബിനാലെയിൽ പങ്കെടുക്കുന്നതിലേക്കും വ്യാപിച്ചു,
അനിലിൻ്റെ മൃതദേഹം ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ അങ്കമാലിയിലെ വസതിയിലും പിന്നീട് ഉച്ചകഴിഞ്ഞ് 3 വരെ അങ്കമാലിയിലെ എൻഎഎസ് ഓഡിറ്റോറിയത്തിലും സൂക്ഷിക്കും. തുടർന്ന് അനിലിൻ്റെ ആഗ്രഹം പോലെ മൃതദേഹം മെഡിക്കൽ പഠനത്തിനായി കൈമാറും.
അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി.എ. സേവ്യറിന്റെയും അൽഫോൺസയുടെയും മകനാണ്.