സാഗർ: മധ്യപ്രദേശിലെ സാഗറിൽ ഡ്രൈവറെ ആക്രമിച്ച് കണ്ടെയ്നർ ട്രക്കിൽ നിന്ന് 11 കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ കൊള്ളയടിച്ചു. കണ്ടെയ്നറിൽ നിന്ന് 1,500 ഐഫോണുകളാണ് കൊള്ളയടിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു സംഭവം. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു കണ്ടെയ്നർ. കണ്ടെയ്നർ നർസിങ്പൂർ ജില്ലയിലായിരുന്നപ്പോഴാണ് കവർച്ച നടത്തിയത്.
ഡ്രൈവർക്ക് മയക്കുമരുന്ന് നൽകി വായ് മൂടിക്കെട്ടിയ ശേഷമായിരുന്നു മോഷണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ നാല് പോലീസുകർക്കെതിരെ നടപടിയെടുത്തതായി സാഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജയ് ഉയ്കെ പറഞ്ഞു.
1500 ഐഫോണുകൾ കൊള്ളയടിക്കപ്പെട്ടുവെന്ന അവകാശവാദം ഞങ്ങൾ പരിശോധിച്ചുവരികയാണ്. എന്നാൽ ഈ ഫോണുകൾ നിർമിക്കുന്ന ആപ്പിൾ ഇതുവരെ പോലീസുമായി ബന്ധപ്പെട്ടിട്ടില്ല. ട്രക്കിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സാഗർ അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സാഗർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രമോദ് വർമ ബന്ദാരി, പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ ഭഗ്ചന്ദ് ഉയ്കെ, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര പാണ്ഡെ, ഹെഡ് കോൺസ്റ്റബിൾ രാജേഷ് പാണ്ഡെ എന്നിവരെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.