തിരുവനന്തപുരം: ദിവസങ്ങൾ നീണ്ടുനിന്ന വെളിപ്പെടുത്തലുകൾക്കൊടുവിൽ ബാറ്റൺ മുഖ്യമന്ത്രിക്ക് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രി പിണറായി വിജയനുമായി അരമണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ഇനി വേണ്ട കാര്യങ്ങൾ മുഖ്യമന്ത്രി തീരുമാനിച്ചുകൊള്ളുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെ എന്നും പി.വി. അൻവർ പറഞ്ഞു.
ഇതുവരെയുള്ള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ താങ്കളുടെ പിന്നിൽ ആരാണെന്ന ചോദ്യത്തിന് എന്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണ് ഉള്ളത്’ എന്നും അൻവർ മറുപടി നൽകി.
താൻ ഇതുവരെ മാധ്യമങ്ങൾക്കു മുന്നിൽ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എഴുതിക്കൊടുക്കേണ്ട കാര്യങ്ങൾ എഴുതിക്കൊടുത്തു. സഖാവ് എന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും കേട്ടു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകും. അതോടെ തന്റെ ഉത്തരവാദിത്തം തീർന്നുവെന്നും അൻവർ പറഞ്ഞു. ഇനി സർക്കാർ ഏൽപിക്കുന്ന അന്വേഷണ ഏജൻസിയുമായി സഹകരിക്കുക എന്ന ഉത്തരവാധിത്വം മാത്രമേ തനിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തണോ എന്നു പാർട്ടി തീരുമാനിക്കട്ടെ. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. ആ ഉത്തരവാദിത്തം ഞാൻ ചെയ്തിട്ടുണ്ട്. ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. ഉത്തരവാദിത്തതോടെ അതിന് അനുസൃതമായ അന്വേഷണത്തിനുള്ള സംവിധാനം ഒരുക്കുമെന്നു തന്നെയാണ് ഒരു സഖാവെന്ന നിലയ്ക്ക് ഞാൻ വിശ്വസിക്കുന്നത്. ആരെ മാറ്റി നിർത്തണം, ആരെ മാറ്റി നിർത്തേണ്ട എന്നതൊക്കൊ മുഖ്യമന്ത്രിയും പാർട്ടി സംവിധാനവും ചിന്തിക്കട്ടെ. പരാതി മുഖ്യമന്ത്രിക്ക് കൊടുത്തിട്ട് അരമണിക്കൂർ അല്ലേ ആയുള്ളു. അതിനിടയ്ക്ക് അവരെ മാറ്റണം എന്ന് ഞാൻ എങ്ങനെയാണ് പറയുക.’’ – അൻവർ ചോദിച്ചു.
അജിത് കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണോ പ്രതീക്ഷിക്കുന്നത് എന്ന ആവർത്തിച്ചുളള ചോദ്യത്തിന് ഞാൻ വലിയ പ്രതീക്ഷയുള്ള ആളാണെന്നായിരുന്നു അൻവറിന്റെ മറുപടി. പി. ശശിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അൻവർ കൃത്യമായി മറുപടി നൽകിയില്ല. എന്നാൽ എഡിജിപിയെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണമാണോ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.