പത്തനംതിട്ട: വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ വീട്ടിൽ വന്ന ലൈൻമാനോട് “ഫ്യൂസ് ഊരരുത്” എന്ന് നോട്ട് ബുക്കിന്റെ പേപ്പറ്റിൽ എഴുതിവച്ച ശേഷം സ്കൂളിൽ പോയ വിദ്യാർഥികൾക്ക് സഹായ ഹസ്തവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്ഇബിയിൽ രണ്ടു വർഷത്തെ ബിൽ മുൻകൂട്ടി അടച്ചാണ് രാഹുലിന്റെ സഹായം. കൂടാതെ വിദ്യാർഥികളുടെ വീടിന്റെ അടച്ചുറപ്പും ചെറിയ അറ്റകുറ്റപണികളും നടത്തികൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കൂടാതെ അവർ സന്തോഷമായി പഠിക്കട്ടെയെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാൻ വന്ന ലൈൻമാൻ വിനേഷിന്റെ കണ്ണിൽപെട്ട കുറിപ്പായിരുന്നു ഇത്. ‘‘സാർ, ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകുവാ സാർ.’’ തുടർന്ന്ബിൽ തുക വരവുവച്ച് വൈദ്യുതി വിച്ഛേദിക്കാതെ കുറിപ്പുമായി പോയ വിനേഷ് കുമാർ അത് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ വൈറലായി. നാലു വർഷമായി പത്തനംതിട്ട കോഴഞ്ചേരി സബ്ഡിവിഷനിലെ ലൈൻമാനാണ് വിനേഷ്.