കൊച്ചി: വൈറ്റിലയിൽ നടുറോഡിൽവച്ച് യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. തൈക്കൂടം സ്വദേശി അരുണിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്.
സംഭവത്തിൽ യുവതിക്ക് പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നെങ്കിലും പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അരുണിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
എരൂർ സ്വദേശിയായ യുവതിയും അരുണും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നവരാണ്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം പോയ യുവതി പുലർച്ചെ തിരിച്ചെത്തിയതിലുള്ള തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മർദിച്ചവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറ്റില ജനത റോഡിൽ ബുധനാഴ്ച പുലർച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. എരൂർ സ്വദേശിയായ യുവതി ബ്യൂട്ടി പാർലർ നടത്തുകയാണ്. ചൊവ്വാഴ്ച ജോലിക്കു പോയ ഇവർ ബുധനാഴ്ച പുലർച്ചയോടെയാണ് തിരികെയെത്തിയത്.
ഇതിനെത്തുടർന്നുണ്ടായ സംസാരം മർദനത്തിൽ കലാശിക്കുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികൾ എത്തിയെങ്കിലും ആരും ഇടപെട്ടില്ല. യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.