തിരുവനന്തപുരം: നിയമസഭയിൽ പ്രത്യേക സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് പിവി അൻവർ എംഎൽഎ. അല്ലെങ്കിൽ നിലത്തിരിക്കുമെന്നും എംഎൽഎ. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അൻവർ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സമ്മേളനത്തിൽ ഇന്ന് പങ്കെടുക്കുന്നില്ല. എന്നാൽ ജീവൻ ഉണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകുമെന്നും അൻവർ പറഞ്ഞു.
തനിക്ക് പ്രതിപക്ഷത്ത് ഇരിക്കാൻ താൽപര്യമില്ലെന്ന് നേരത്തെ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് ശ്രമമെങ്കിൽ തറയിൽ ഇരിക്കാനാണ് തീരുമാനം. തറ അത്ര മോശം സ്ഥലമല്ലെന്നും പിവി അൻവർ പറഞ്ഞു
എംആര്‍ അജിത്കുമാറിനെ ഒളിഞ്ഞും തെളിഞ്ഞും വെളള പൂശാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണന്നും പിവി അന്‍വര്‍ ആരോപിച്ചു. അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ ശിപാര്‍ശ നിര്‍ബന്ധപൂര്‍വം തിരുത്തിക്കുകയായിരുന്നു. പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി ധാരണയിലെത്തിയെന്ന് അൻവർ വീണ്ടും ആരോപിച്ചു.