കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി സംസ്ഥാനം. പുതുക്കിയ പട്ടിക അനുസരിച്ച് ഇനി 119 പേരെയാണ് കണ്ടെത്താനുള്ളത്. ആദ്യം തയാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്.
ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്. ഇതുവരെ 401ഡിഎൻഎ പരിശോധനകളാണ് നടത്തിയിട്ടുള്ളത്. അതിനു ശേഷം പുതുക്കിയ കണക്കാണിത്. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യാനുള്ള നടപടികളാണ്ഇനി ഉള്ളത്.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സര്‍ക്കാര്‍ ആലോചന. 10 സ്കൂളുകളാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്നത്.
എന്നാൽ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ, മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ച് തുടങ്ങു. പൂര്‍ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിങ്ങനെ ഇനംതിരിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ ശേഖരിക്കുന്നത്.