തൃശൂർ: തൃശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാറിന്റെ അറിവോടെയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണങ്ങളുമായി സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാറും കോൺഗ്രസ് നേതാവ് കെ. മുരളീധരനും രംഗത്തെത്തി. തൃശൂർ പൂരം അലങ്കോലപ്പെട്ടത് യാദൃശ്ചികമായല്ല, മറിച്ച് അതിനു പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടായെന്നായിരുന്നു വി.എസ്. സുനിൽകുമാറിന്റെ പ്രതികരണം. മാത്രമല്ല ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
പകൽപ്പൂരം ഒരു പരാതിയുമില്ലാതെയാണ് നടന്നത്. അതിനുശേഷം തെക്കോട്ടിറക്കം കഴിഞ്ഞശേഷം തിരുവമ്പാടി ദേവസ്വത്തിൻറെ ആളുകൾ അന്നത്തെ പോലീസ് കമ്മീഷണർക്കൊപ്പം സെൽഫി വരെ എടുത്തതാണ്. അതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. രാത്രിയായതോടെ സംഭവങ്ങൾ മാറിമറിഞ്ഞു. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് താൻ നേരത്തേ പറഞ്ഞതാണ്. ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കൈകളുണ്ട്. സുരേഷ് ഗോപിയെ തൃശൂരിൽ ജയിപ്പിക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു ഇതെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്ന മുരളീധരൻ പ്രതികരിച്ചു.
സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായി എന്നുള്ളത് വ്യക്തമാണ്. എന്നാൽ അൻവർ പറഞ്ഞതുപോലെ എഡിജിപി എം.ആർ. അജിത്കുമാറിന് ഇതിൽ പങ്കുണ്ടോയെന്ന് തനിക്കറിയില്ല. ഇതിൽ ഇരയാണ് താൻ. പൂരം അലങ്കോലമാക്കിയതിന് പിന്നിൽ സർക്കാരും എൽഡിഎഫുമാണെന്ന് പ്രചാരണം നടത്തി. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ തനിക്കെതിരേ ബിജെപി ജനവികാരം തിരിച്ചുവിട്ടു. സംഭവത്തിൽ അന്വേഷണറിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഷങ്ങളായി നടക്കുന്ന മേളം നിർത്തിവെക്കുക, അതിനായി ലൈറ്റ് ഓഫ് ചെയ്യുക, വെടിക്കെട്ട് നടത്തില്ലെന്നു പറയുക, പൂരത്തിൻറെ ഒരു ചടങ്ങിലും പങ്കെടുക്കാത്ത ബിജെപി സ്ഥാനാർഥി ഈ സമയത്ത് നാടകീയമായി പ്രത്യക്ഷപ്പെടുക. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഇതിൻറെ പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന എല്ലാവർക്കും മനസിലാകുമെന്നും മുരളീധരൻ.
മാത്രമല്ല, ആരോപണ വിധേയനായ എഡിജിപി എം.ആർ. അജിത് കുമാറിനെ ഇപ്പോഴും ചുമതലയിൽനിന്ന് മാറ്റിയിട്ടില്ല. മുഖ്യമന്ത്രിയുടെ പല രഹസ്യങ്ങളും അജിത് കുമാറിന് അറിയാമെന്നതുകൊണ്ടാണ് അദ്ദേഹം എഡിജിപിയെ സംരക്ഷിക്കുന്നത്. പൂരം കലക്കാൻ മുഖ്യമന്ത്രി ഏൽപ്പിച്ചത് അജിത് കുമാറിനെ ആണെന്നും മുരളീധരൻ ആരോപിച്ചു. കരുവന്നൂർ കേസിൽ ഉൾപ്പെടെ ഇഡി അന്വേഷണം ഒഴിവാക്കാൻ തൃശൂരിലെ സീറ്റ് ബിജെപിക്ക് നൽകി മുഖ്യമന്ത്രി ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നു. പൂരം അലങ്കോലമാക്കിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.