കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ഹോസ്പിറ്റലിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല ചെയ്യപ്പെട്ട സംഭവത്തിൽ അധികൃതർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നിഷേധിച്ച് ട്രെയിനി ഡോക്ടറുടെ പിതാവ്. നഷ്ടപരിഹാരമല്ല താൻ ആവശ്യപ്പെടുന്നത്, മറിച്ച് മരിച്ചുപോയ തൻ്റെ മകൾക്ക് നീതിയാണ് നൽകേണ്ടന്ന് അദ്ദേഹം പറഞ്ഞു.
“നഷ്ടപരിഹാരം വാങ്ങാൻ ഞാൻ വിസമ്മതിച്ചു. എൻ്റെ മകളുടെ മരണത്തിന് നഷ്ടപരിഹാരമായി പണം വാങ്ങിയാൽ അത് എന്നെ വേദനിപ്പിക്കും. എനിക്ക് നീതി വേണം,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേസന്വേഷിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വ്യാഴാഴ്ച പെൺകുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന ഏജൻസിയുടെ ഉറപ്പിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒപ്പം തങ്ങൾക്കൊപ്പം നിന്ന് പിന്തുണ നൽകുന്ന പൊതുജനങ്ങളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.
എന്നാൽ സിബിഐയുമായുള്ള സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ നൽകുന്നത് നിയമപരമായി ഉചിതമല്ല. അതിനാൽ ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനെക്കുറിച്ച് എനിക്ക് നിങ്ങൾക്ക് വിശദാംശങ്ങൾ നൽകാൻ കഴിയില്ല. അവർ ഞങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും അത് രേഖാമൂലം എടുക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരെയും ഞാൻ എൻ്റെ മക്കളും പെൺമക്കളും ആയി കണക്കാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.