തിരുവനന്തപുരം: ഹിൻഡൻബർഗ് – സെബി വിവാദത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ സെബിക്കെതിരെ ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംവെടിയാത്തതെന്താണെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.
വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിന്റെ ഭാഗമായാണ് നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡി നോട്ടിസ് അയക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവരുന്നതെന്നും കെ.സി വേണുഗോപാൽ.
രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി കുംഭകോണമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഇത്രയൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടും സെബി ചെയർപെഴ്സൻ രാജിവയ്ക്കുന്നില്ല. അദാനിക്കെതിരായ അന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകിയതുപോലും സെബിയാണ്. അങ്ങനെയിരിക്കെ ആ സെബിയുടെ ചെയർപെഴ്സനു തന്നെ അദാനിയുടെ ഷെൽ കമ്പനികളിൽ ഓഹരി പങ്കാളിത്തം ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നിലവിൽ രാജ്യത്തെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.