ആറ്റിങ്ങൽ: മികച്ച സേനയായിരുന്ന കേരള പോലീസിനെ സിപിഎം ഭരണം അടിമക്കൂട്ടമാക്കി മാറ്റിയെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
സ്ത്രീ പീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സംരക്ഷിക്കുകയാണ് പിണറായിയുടെ പൊലീസ് ചെയ്യുന്നത്. ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന ആറ്റിങ്ങൽ സിഐ ഗോപകുമാറിൻറെ ഗുണ്ടാ മാഫിയ പ്രവർത്തനങ്ങൾക്ക് എതിരായ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈംഗിക ആരോപണം നേരിട്ട കൊല്ലം എംഎൽഎ ഉൾപ്പെടെയുള്ള വേണ്ടപ്പെട്ടവർക്ക് എതിരെ പിണറായി വിജയൻറെ പൊലീസ് കേസെടുക്കില്ല. മേയർക്കെതിരെ കേസെടുക്കാൻ മടിക്കുന്ന പൊലീസ്, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കും. പിണറായി പോലീസിൻറെ പക്ഷപാതപരമായ നിലപാടും ഇരട്ടത്താപ്പും ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. കൊലകൊമ്പൻമാർക്ക് സ്റ്റേഷനുകളുടെ ചാർജ് നൽകി, നിയമം ലംഘിച്ച് ബിജെപിക്കെതിരെ പ്രവർത്തിക്കാനാണ് നീക്കമെങ്കിൽ അത് വിലപ്പോകില്ല. ഭാരതീയ ജനതാപാർട്ടിയുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമാണ്. അങ്ങനെ കരുതുന്നവർ അടിയന്തരാവസ്ഥക്കാലമുൾപ്പെടെയുള്ള ചരിത്രം വായിച്ച് പഠിക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഒഴിയാനെടുത്ത തീരുമാനത്തേയും വി. മുരളീധരൻ പരിഹസിച്ചു. പിണറായിയുടെ ഇംഗിതം മാത്രം നടക്കുന്ന കാലത്ത് എൽഡിഎഫിന്, മാർക്സിസ്റ്റ് പാർട്ടിക്ക് പ്രസക്തിയില്ലെന്ന് ജയരാജന് മനസിലായെന്ന് വി. മുരളീധരൻ പറഞ്ഞു. ആറ്റിങ്ങൽ വീര കേരളപുരം ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ ബിജെപി ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ്, കടയ്ക്കാവൂർ മണ്ഡലം പ്രസിഡണ്ട് ബിജു, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ മലയിൻകീഴ് രാധാകൃഷ്ണൻ, തോട്ടയ്ക്കാട് ശശി, ജില്ലാ സെക്രട്ടറി, മുളയറ രതീഷ്, ജില്ലാ ട്രഷറർ ബാലമുരളി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.