തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്ന് കാണാതായ പെൺകുട്ടിയെ തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ട്രെയിനില്‍ നിന്ന് കുട്ടിയുടെ ചിത്രം പകര്‍ത്തിയ ബബിത. കുട്ടിയെ കണ്ടപ്പോൾ ഒറ്റയ്ക്കാണെന്ന് കരുതിയിരുന്നില്ല. പിണങ്ങി വന്നതാണെന്നും തോന്നിയില്ല. കുട്ടിയോട് സംസാരിക്കാനൊന്നും ശ്രമിച്ചില്ല. ഫോട്ടോ എടുത്തപ്പോള്‍ കുട്ടിക്ക് ദേഷ്യം തോന്നിയിരുന്നു. പക്ഷെ കൈയില്‍ പണം മുറുകെ പിടിച്ചിരിക്കുന്നത് കണ്ടപ്പോള്‍ പന്തികേട് തോന്നിയിരുന്നു. ഇക്കാര്യം തന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്നും യുവതി മാധ്യങ്ങളോട്പറഞ്ഞു.
അന്ന് രാത്രി ഉറങ്ങിപ്പോയിരുന്നതിനാൽ കുട്ടിയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുന്നത് അറിഞ്ഞിരുന്നില്ല. പിന്നീട് രാത്രി മൂന്നുമണിയോടെ ഉണർന്നപ്പോഴാണ് വാർത്ത കണ്ടത്. ഉടൻതന്നെ കുട്ടിയുടെ ഫോട്ടോ പോലീസിന് അയച്ചുനൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്താൻ ഫോട്ടോ വഴിത്തിരിവായെന്നും പോലീസ് നന്ദി പറഞ്ഞതായും ബബിത പ്രതികരിച്ചു.
ബംഗളൂരു കന്യാകുമാരി ട്രെയിനില്‍ വെച്ചാണ് കുട്ടിയെ ബബിത കണ്ടത്. നെയ്യാറ്റിന്‍കരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം പകര്‍ത്തിയത്. അതേസമയം, 13 വയസുകാരിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയ്നിൽ വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടി നിലവിൽ ആർപിഎഫിന്റെ സംരക്ഷണയിലാണ്. ബുധനാഴ്ച രാത്രി മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസിൽവച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു.