ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ താൻ മൊഴികൊടുത്തിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ടൊവിനോ തോമസ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജോലിസ്ഥത്ത് സ്ത്രീകൾക്ക് പേടിയില്ലാതെ ജോലിചെയ്യാനും സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുവാനും എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന ഇന്ത്യൻ എക്സ്പ്രസിന്റെ ചോദ്യത്തിന് മറുപടിയായാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
താൻ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. “പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ക്രൂരമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിൽ അവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണം. അവർ രക്ഷപെട്ടുകൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം. ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവർത്തിക്കില്ലെന്ന് ഉറപ്പ് വരുത്തുകയും വേണംജോലിസ്ഥലം സ്ത്രീകൾക്ക് സുരക്ഷിതമാക്കാൻ അത്തരമൊരു അവബോധവും അറിവുമുണ്ടായിരിക്കണം” . ടോവിനോ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവന്നുവെന്നുവെന്നും പറഞ്ഞു. പക്ഷെ, പ്രേക്ഷകർ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ലെന്ന് പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞു.
ഈ കമ്മിറ്റി മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ടതാത്. ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിൽ, ഇതുപോലുള്ള സംഭവങ്ങൾ ലോകത്ത് എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാക്കാൻ സാധിക്കും. പക്ഷേ ജനങ്ങൾ ഇത് മലയാള സിനിമാ മേഖലയിൽ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കിൽ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്. കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.