തിരുപ്പൂർ: പാണ്ഡ്യൻ നഗറിലുള്ള ഇരുനില വീട്ടിൽ പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. പൊന്നമ്മാൾ നഗറിലെ കാർത്തികിൻ്റെ ഇരുനില വീട്ടിലാണ് സ്ഫോടനമുണ്ടായത്. ഇയാൾ ഭാര്യ സത്യപ്രിയയ്ക്കൊപ്പമാണ് അവിടെ താമസിച്ചിരുന്നത്.
സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. അപകടത്തിൽ കണ്ണൻ എന്ന കുമാർ (23), തിരിച്ചറിയാത്ത യുവതി, 9 മാസം പ്രായമായ ആലിയാസ്രിൻ എന്നിവരാണു മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വീട്ടുടമ കാർത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുന്ന ശരവണകുമാർ, ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനെത്തുടർന്നു കാർത്തിയുടെ വീട്ടിൽ പടക്കനിർമാണം നടത്തുകയായിരുന്നു. ഇവർ വീടിൻ്റെ ഒരു ഭാഗത്ത് അനധികൃതമായി പടക്കങ്ങൾ നിർമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സ്ഫോടനത്തിൽ രണ്ട് വീടുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും തകർന്നു. സ്ഫോടനം നടന്ന വീടിന്റെ തൊട്ടടുത്ത വീട്ടിലെ മുഹമ്മദ് ഹുസൈന്റെ കുഞ്ഞ് ആലിയാസ്രിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടി സ്ഫോടനം നടക്കുമ്പോൾ വീടിൻ്റെ മുൻവശത്തെ തെരുവിൽ കളിക്കുകയായിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിൽ കണ്ടെത്തിയ കണ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിതറിത്തെറിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ഇരുവരും പടക്കനിർമാണത്തൊഴിലാളികളാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് വശദമായ അന്വേഷണം തുടങ്ങി.