തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണ വിധേയനായ നടനും സിപിഎം എംഎൽഎയുമായ മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് തത്ക്കാലം രാജി വയ്ക്കേണ്ടതില്ലന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പാർട്ടി അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. എന്നാൽ ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ മാറ്റി നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുത്.
മുകേഷിനെതിരായ കേസിൻറെ പുരോഗതി ഏതുതരത്തിലെന്നു നോക്കി മാത്രം രാജിക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് യോഗത്തിലെടുത്തത്. സമാന ആരോപണമുയർന്ന കോൺഗ്രസിലെ രണ്ട് എംഎൽഎമാർ രാജി വച്ചിട്ടില്ലെന്നു പറഞ്ഞ് ഈ വിഷയത്തിൽ പ്രതിരോധം തീർക്കുകയാണ് സിപിഎം.
നടി അയച്ച പരാതിയിൽ കേസെടുക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച മുകേഷ് എംഎൽഎ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരുന്നു. നടിയുടെ ആരോപണം തെറ്റാണെന്നു എംഎൽഎ മുഖ്യമന്ത്രിയെ അറിയിച്ചു. നടി ഇക്കാര്യം പറഞ്ഞ് തന്നോട് പണം ആവശ്യപ്പെട്ടതിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നാണ് മുകേഷിന്റെ വാദം. തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരേ ഉയരുന്നത്. ചാൻസ് ചോദിച്ചാണ് കേസിലെ പരാതിക്കാരിയായ നടി തന്നെ സമീപിച്ചത്. പിന്നീട് ഇവർ ബ്ലാക്മെയിൽ ചെയ്യുകയായിരുന്നു. ഇത് തെളിയിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
എന്നാൽ മുകേഷിന്റെ കൈവശം തെളിവുകളുണ്ടെങ്കിൽ അതു പുറത്തുവിടാൻ നടി ആവശ്യപ്പെട്ടു. തന്നോട് അപമര്യാദയായി പെരുമാറിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അതുപോലെ മുകേഷും ചെയ്യട്ടേയെന്നാണ് നടിയുടെ നിലപാട്.
നടിയുടെ പരാതിയിൽ മരട് പോലീസാണ് മുകേഷിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം മുകേഷിനെതിരേ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ആലുവയിലെ ഫ്ലാറ്റിൽ 12 മണിക്കൂർ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മുകേഷിനെതിരെ പോലീസ് കേസെടുത്തത്.