തിരുവനന്തപുരം: കൈക്കൂലി ആരോപണത്തെ തുടർന്ന് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ നവീൻ ബാബുവിനു ക്ലീൻചിറ്റ് നൽകി ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ നവീൻ ബാബുവിലേക്കു വിരൽ ചൂണ്ടുന്ന തെളിവുകളൊന്നുമില്ലെന്നു കാണിച്ച് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് എ ഗീത റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
മാത്രമല്ല പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് എൻഒസി നൽകുന്നതിൽ നവീൻ ബാബു കാലതാമസമുണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഫയലുകൾ വച്ച് താമസിപ്പിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പിപി ദിവ്യയുടെ ആരോപണം തള്ളിക്കളയുന്നതാണ് റിപ്പോർട്ട്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതു കൂടാതെ എഡിഎം കെ നവീൻ ബാബുവിനെ യാത്രയയപ്പു ചടങ്ങിൽ താൻ ആക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയത് അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയാണെന്ന് എ ഗീതയുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പകർത്തിയ ലോക്കൽ ചാനൽ പ്രവർത്തകരിൽ നിന്ന് ജോയിന്റ് കമ്മിഷണർ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടില്ല.
അതേസമയം കലക്റ്റർ വിളിച്ചിട്ടാണ് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തതെന്ന പിപി ദിവ്യയുടെ പ്രതികരണം ജില്ലാ കലക്ടർ അരുൺ കെ വിജയനും എ ഗീതയോട് നിഷേധിച്ചിട്ടുണ്ട്. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷൻ കലക്ടറും ആയിരുന്നു. അവിടെവച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നുവെന്നു കലക്ടറുടെ വിശദീകരണത്തിൽ പറയുന്നത്.
പെട്രോൾ പമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ടിവി പ്രശാന്തിനെ നിയമപരമായി സഹായിക്കുന്ന നിലപാടാണ് എഡിഎം സ്വീകരിച്ചതെന്ന് ഫയൽ പരിശോധനയിലും ജീവനക്കാരിൽ നിന്നു ശേഖരിച്ച വിവരങ്ങളിൽ നിന്നും വ്യക്തമായത്. മുഖ്യമന്ത്രിക്കു പരാതി നൽകിയെന്നു പറയുന്ന പ്രശാന്തിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പൊലീസ്, പൊതുമരാമത്ത്, അഗ്നിശമനസേന, ടൗൺ പ്ലാനിങ് തുടങ്ങിയവയിൽ നിന്നുള്ള എൻഒസി ലഭിച്ചാൽ മാത്രമേ അന്തിമ എൻഒസി നൽകാനാവൂ എന്നതിനാൽ ഫയൽ പിടിച്ചു വച്ചുവെന്ന ആരോപണങ്ങളും തെളിയിക്കാനായിട്ടില്ലെന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ദിവ്യയുടെ വാദങ്ങളെല്ലാം തള്ളിക്കളയുന്ന അന്വേഷണ റിപ്പോർട്ടാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ സമർപ്പിച്ചത്.