കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിൽ അടുത്ത ബന്ധുവും വീട്ടു ജോലിക്കാരിയും അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കരുവശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വീട്ടുകാർ കാര്യമായെടുത്തിരുന്നില്ല. പിന്നീട്കഴിഞ്ഞ മാസം എംടിയുടെ മകൾ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങളും മോഷണം പോയതായി സ്ഥിരീകരിച്ചത്.
പ്രതികൾ ഒരു വർഷമെടുത്ത് പലപ്പോഴായാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങൾ, രത്നം പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.
മോഷണത്തിനായി വീടിന്റെ പൂട്ട് പൊട്ടിക്കുകയോ, ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. അതോടെ അലമാര താക്കോൽ ഉപയോഗിച്ചു തുറന്നതു കൊണ്ടു മോഷണം നടത്തിയതെന്ന് പോലീസിന് ഉറപ്പായി. കൂടാതെ സ്ഥിരം കുറ്റവാളികളല്ല മോഷണം നടത്തിയതെന്നു പൊലീസ് ഉറപ്പിച്ചിരുന്നു. ഇതോടെയാണ് വീടിനേയും അതുമായി ബന്ധപ്പെട്ടവരേയും ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചത്.
തുടർന്ന്എംടിയുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ എംടിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെപറ്റി രഹസ്യമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
കൂടാതെ ശാന്ത മാത്രമല്ല പ്രതിയെന്നു മനസിലാക്കിയ പോലീസ് ഇവരുടെ അടുത്ത ബന്ധുവായ പ്രകാശിനെ കുറിച്ച് അന്വേഷണം നടത്തുകയും പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികളാണ് മോഷണം നടത്തിയതെന്നു സമ്മതിച്ചു. പ്രകാശും ശാന്തയും കൂടി കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ പലതവണകളായി മോഷ്ടിച്ച സ്വർണം വിറ്റ വിവരം പൊലീസിനോടു പറയുകയും ചെയ്തു.