കോഴിക്കോട്: വിവാദമായ സമ്പത്ത് കസ്റ്റഡി മരണ കേസിൽ മുൻ പാലക്കാട് ഡിവൈഎസ്പി രാമചന്ദ്രൻറെ പെൻഷൻ തടയാൻ നീക്കം. കേസിൽ നിന്ന് ഡിവൈഎസ്പിയെ സിബിഐ കോടതി ഒഴിവാക്കിയെങ്കിലും പെൻഷൻ നൽകാൻ മതിയായ കാരണമല്ല ഇതെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ.
പാലക്കാട് പുത്തൂർ ഷീല കൊലക്കേസ് പ്രതി സമ്പത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി രാമചന്ദ്രനെ കുറ്റവിമുക്തനാക്കുന്നതിനു പകരം കേസ് വിടുതൽ ചെയ്യുകയായിരുന്നു. ഇക്കാരണം കാണിച്ചാണ് രാമചന്ദ്രൻറെ അപേക്ഷ ആഭ്യന്തരവകുപ്പു തള്ളിയത്. അങ്ങനെയുള്ള സർക്കാർ ജീവനക്കാർക്കെതിരേ ആവശ്യമെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുന്നതു നിയമവിരുദ്ധമല്ലെന്നാണ് സർക്കാർ പറയുന്നത്.
പിഎസ്സിയുടെ കൂടി ഉപദേശം തേടിയശേഷമാണ് പെൻഷൻ തടയാനുള്ള തീരുമാനം കൈക്കൊണ്ടത്. കേസിൽനിന്നു രാമചന്ദ്രൻ ഒഴിവാക്കപ്പെട്ടുവെങ്കിലും രാമചന്ദ്രൻ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ് വരുത്തിയെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് പെൻഷൻ തടയാൻ മതിയായ കാരണമാണെന്ന നിയമോപദേശം ലഭിച്ചതോടുകൂടിയാണ് പെൻഷൻ തടയാൻ നീക്കം ആരംഭിച്ചത്.
2010 മാർച്ച് 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്നേ ദിവസമാണ്പാലക്കാട് പുത്തൂർ സായൂജ്യത്തിൽ വി. ജയകൃഷ്ണൻറെ ഭാര്യ ഷീലയെ വീട്ടിൽ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമ്പത്തിനേയും കൂട്ടാളികളായ മണികണ്ഠൻ, കനകരാജ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
2010 മാർച്ച് 29നാണ് സമ്പത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ കേസന്വേഷണവും തെളിവെടുപ്പും നടത്തുകയും പ്രതികളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കാതെ മലമ്പുഴയിലുള്ള റിവർസൈഡ് കോട്ടേജിലെത്തിച്ച് മർദിച്ചുവെന്നും അതിനിടെ സമ്പത്ത് കൊല്ലപ്പെട്ടുവെന്നുമായിരുന്നു കേസ്.