കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ കേസിൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വാദം കേട്ടിരുന്നെങ്കിലും വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സമാന ആരോപണങ്ങൾ നേരിട്ടവർ കോടതിയെ സമീപിക്കുകയും ഹർജിക്കാർക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരി ഉന്നയിച്ച പോലെ സിദ്ധിഖ് മസ്കറ്റ് ഹോട്ടലിൽ വന്നതിന് തെളിവു ലഭിച്ചതോടെ വെട്ടിലാവുകയായിരുന്നു.
പരാതിക്കാരിയായ യുവനടി, സിദ്ദിഖിനെതിരേ ബലാത്സംഗ ആരോപണം മുൻപ് ഉന്നയിച്ചിട്ടില്ലെന്നും പരാതി അടിസ്ഥാനമില്ലാത്തതാണെന്നും
ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചു. 2012-ലാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. സൂക്ഷ്മമായി തയാറാക്കിയ കഥയാണ് പരാതിക്കാരി ഉയർത്തിയതെന്നാണ് സിദ്ദീഖിന്റെയും അഭിഭാഷകന്റെയും ആരോപണം.
എന്നാൽ, പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മസ്ക്കറ്റ് ഹോട്ടലിൽ എത്തിയതിന് തെളിവുണ്ടെന്നും സർക്കാരിനായി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിംഗുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവ ദിവസം മസ്കറ്റ് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകൾ ഇതോടെ സാഹചര്യ തെളിവുകൾ സിദ്ധിഖിന് എതിരായി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മസ്കറ്റ് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി പ്രത്യേക
അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന ആരോപണം പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ്. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. കൂടാതെ ഇതിൽ നിയമ നടപടികൾക്കും തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി മറുപടി നൽകിയത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. കൂടാതെ പരാതിക്കാരിക്കെതിരായ വ്യക്തിഹത്യ പാടില്ലെന്നും കോടതി വ്യക്തമാക്കി.