കൊച്ചി: കുറ്റക്കാരനാണെന്നു തെളിയുന്നതു വരെ മുകേഷിനെ കൈവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അരക്കെട്ടുറപ്പിച്ച് സർക്കാർ. നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം. മുകേഷ് എംഎൽഎയ്ക്ക് മുൻകൂർജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ടെന്നു സർക്കാർ തീരുമാനം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്നു നേരത്തേതന്നെ സിപിഎം തീരുമാനം എടുത്തിരുന്നു.
മുകേഷിനു മുൻകൂർ ജാമ്യം അനുവദിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണെമെന്നാവശ്യപ്പെട്ട് സർക്കാർ അഭിഭാഷകരോട് ഉപദേശം ആരാഞ്ഞ ശേഷം പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണു കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം പെട്ടെന്നു മാറ്റുകയായിരുന്നു. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷനു നൽകിയ കത്ത് മടക്കി നൽകും. അപ്പീലിനു നിയമസാധ്യതയില്ലെന്ന മറുപടിയോടെയാകും കത്ത് മടക്കുക.
പരാതിക്കാരിയുടെ മൊഴിയടക്കം വിശദമായി പരിശോധിച്ചാണു സെഷൻസ് കോടതി ഉത്തരവെന്നും ഇത് വിചാരണയെ ബാധിക്കുന്നതാണ് എന്നുമാണു നേരത്തേ സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടിയത്. മറ്റൊരു പ്രതിയായ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമോ എന്നതിൽ തീരുമാനമായില്ല. പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിൽ യോഗം ചേരാനിരിക്കെയാണ് ഈ തീരുമാനം.