തിരുവനന്തപുരം∙ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണത് ചെറു ബിംബങ്ങൾ മാത്രമാണെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. റിപ്പോർട്ടിന്റെ ഉള്ളറകളിലെ ഇരുട്ടിൽ തിമിംഗലങ്ങൾ ഇപ്പോഴുമുണ്ടെന്നും കഥാകൃത്ത് പറഞ്ഞു. റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കപ്പെട്ടിട്ട് നാലര വർഷം കഴിഞ്ഞു. അതുവരെ റിപ്പോർട്ടിന്മേൽ സർക്കാർ അടയിരുന്നുവെന്നും ടി. പത്മനാഭൻ പരിഹസിച്ചു.
ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട്. ഇരയുടെ ഒപ്പമാണ് സർക്കാർ എന്ന് പറയുന്നുണ്ടെങ്കിലും അത് അങ്ങനെയല്ല. റിപ്പോർട്ടിലെ കുറേ പേജുകൾ ഇപ്പോഴും ഇരുട്ടിലാണ്. അത് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. അതിലാണ് ഏറ്റവും വലിയ തിമിംഗലങ്ങളെ കുറിച്ചുള്ള പ്രസ്താവനകളുള്ളത്. പുറത്തുവന്ന ചുരുക്കം ചില കടലാസുകളിൽ നിന്നാണ് ഇത്രയുമധികം ബിംബങ്ങൾ പുറത്തേക്ക് തെറിച്ചു വീണതെന്നും ടി. പത്മനാഭൻ പറഞ്ഞു.