ദുബായ്: ചിരവൈരികളായ പാക്കിസ്ഥാനെ ആറു വിക്കറ്റിന് തകർത്ത് വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ ജയം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റൺസിന് ദയനീയമായി തോറ്റെങ്കിലും അതിന്റെ കേടും പലിശയും പാക്കിസ്ഥാനോട് തീർത്തു. ടോസ് ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റൺ ചെയ്സ് ചെയ്യുന്നതിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. 28 പന്തിൽ 23 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യക്ക്മികച്ച സംഭാവന നൽകിയ മറ്റൊരു താരം. ജമീമ, റിച്ച ഘോഷ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി പാക്ക് ക്യാപ്റ്റൻ ഫാത്തിമ സന വിജയം കൈപ്പിടിയിലൊതുക്കാൻ നോക്കിയെങ്കിലും നടന്നില്ല.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 ബോളിൽ 29 റൺസെടുത്തു. ഒരറ്റത്ത് ഉറച്ചുനിന്ന് നേരിട്ട ഒരേയൊരു പന്തിൽ ഡബിളുമായി മലയാളി താരം സജന സജീവനാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ദീപ്തി ശർമ എട്ടു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം കളിയിൽ ഇന്ത്യ ജയിച്ചുവെങ്കിലും ആദ്യ മത്സരത്തിലെ കനത്ത തോൽവി ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും. പോരാത്തതിന് രണ്ടാം മത്സരത്തിൽ വിജയിച്ചുവെങ്കിലും നല്ല മാർജിനിൽ ജയിക്കാൻ പറ്റിയില്ലയെന്നത് ഒരു പോരായ്മയാണ്.
34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക് നിരയിലെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയത്. പാക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്. ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും വീഴ്ത്തി.