കൊച്ചി: ഇപ്പോൾ പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. മാത്രമല്ല, അതിലെ തുടർകാര്യങ്ങൾ സംഘടനകൾ തീരുമാനിക്കേണ്ടതാണ്. സർക്കാർ നിർദേശം കൂടി കണക്കിലെടുത്ത് സംഘടനകൾ തീരുമാനമെടുക്കണമെന്നും സുരേഷ് ഗോപി. സിനിമാമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറേക്കാലമായി സജീവമല്ലാത്തതുകൊണ്ട് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് വ്യക്തമായി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രാപ്പെട്ടു. റിപ്പോർട്ട് വിശദമായി പഠിച്ച് സർക്കാർതന്നെ ഇതിനൊരു പ്രശ്നപരിഹാരമുണ്ടാക്കണം. സിനിമാമേഖലയിൽ സ്ത്രീകൾ കടുത്ത വിവേചനവും ലൈംഗിക ചൂഷണവും നേരിടുന്നതായും എതിർത്താൽ അവസരം നിഷേധിക്കുന്നതായും കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ സാംസ്കാരികമുന്നേറ്റത്തിൽ നിർണായക പങ്കുള്ള സിനിമാരംഗത്തെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം. എല്ലാവരും മോശക്കാരാണെന്ന പ്രചാരണം പാടില്ലന്നും ഡിവൈഎഫ്ഐ പറഞ്ഞു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർനടപടികളും ആവശ്യപ്പെട്ട് എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. സിനിമാ മേഖലയിൽ ക്രിമിനൽ- മാഫിയവത്കരണവുമാണെന്നും അഭിനേതാക്കൾക്കും സംവിധായകർക്കും സാങ്കേതികപ്രവർത്തകർക്കും എതിരേ വിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് നേരത്തെ ഉയർന്ന പരാതികൾ ശരിവെക്കുന്നതാണ് റിപ്പോർട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാതി പരിഹാര സമിതി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പരാതികൾ വേഗം തീർപ്പാക്കുന്നതിന് ട്രിബ്യൂണൽ സ്ഥാപിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സിമിമാ മേഖലയിലും പൊതു ജനങ്ങൾക്കിടയിലും ഏറെ കോളിളക്കം സൃഷ്ടിച്ച സാഹചര്യത്തിൽ വിഷയത്തിൽ സർക്കാർ നിയമോപദേശം തേടുമെന്നാണ് വിവരം.