ചെറുവത്തൂർ (കാസർകോട്): കാവുംചിറ പഴയ തുറമുഖത്തിന് സമീപം യുവാവിന്റെ ആത്മഹത്യക്ക് പിന്നിൽ യുവതി പോലീസിൽ പരാതി നൽകിയതാണെന്ന് ആത്മഹത്യാ കുറിപ്പ്. കൂടാതെ കേസ് പിൻവലിക്കാൻ രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മത്സ്യക്കച്ചവടക്കാരനായ കെ.വി. പ്രകാശനെ (35) കാടങ്കോട് ജയ്ഹിന്ദ് വായനശാലയ്ക്ക് സമീപത്തെ പഴയകെട്ടിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതി ചന്തേര പോലീസിൽ നൽകിയ വ്യാജ പരാതിയിൽ മനംനൊന്താണ് പ്രകാശൻ മരിച്ചതെന്ന് ആരോപിച്ച് സഹോദരീഭർത്താവ് രാജേന്ദ്രൻ എന്ന രാജൻ അന്നുതന്നെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ഐ സതീഷ് വർമയും സഘവും പ്രകാശന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.
പ്രകാശൻ ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസം കേസ് ഒത്തുതീർപ്പാക്കാമെന്ന പേരിൽ രണ്ടുപേർ സംസാരിക്കുകയും രണ്ടരലക്ഷം രൂപ ആവശ്യപ്പെട്ടതായും പറയുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിലും സഹോദരീഭർത്താവ് നൽകിയ പരാതിയിലും പറഞ്ഞ യുവതിയിൽനിന്ന് അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുമെന്നും എസ്ഐ സതീഷ് വർമ പറഞ്ഞു.