തിരുവനന്തപുരം: കാറിൽ പ്രത്യേക സീറ്റ് സംവിധാനം കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ ഉടൻ നടപ്പിലാക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ഈ വ്യവസ്ഥ നിർബന്ധമാക്കാൻ സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. കുട്ടികൾക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തിൽ ലഭ്യമല്ല. എന്നാൽ 14 വയസുവരെയുള്ള കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരിത്തണമെന്നും ഗതാഗത മന്ത്രി നിർദേശിച്ചു.
കുട്ടികൾക്ക് കാറിൽ പ്രത്യേക സീറ്റ് നിർബന്ധമാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ വിശദീകരണം. ആദ്യം ഇതിനെക്കുറിച്ച്ബോധവത്കരണം നൽകാനാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതിൽ സർക്കാർ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ഗതാഗത വകുപ്പിന് കേന്ദ്രത്തിൽ നിന്നു കിട്ടിയ പുതിയ നിയമ നിർമാണത്തിലുള്ള നിർദേശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതാണ് കാറിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കായുള്ള പ്രത്യേക സീറ്റ്. എന്നാൽ ജനങ്ങളിൽ നിയമങ്ങൾ അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോർ വെഹിക്കിൾ ആക്ടിൽ നിർദേശിച്ചിട്ടുള്ള കാര്യം ട്രാൻസ്പോർട്ട് കമ്മിഷണർ ഓർമിപ്പിച്ചതാണെന്നും ഗണേഷ്കുമാർ പറഞ്ഞു.
കേന്ദ്രത്തിൽ നിന്നു ലഭിച്ച പുതിയ ഉത്തരവ് ഘട്ടംഘട്ടമായി നടപ്പിലാക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഒക്ടോബർ മാസത്തിൽ സാമൂഹിക മാധ്യമങ്ങളിലടക്കം ബോധവത്കരണം, നവംബർ മാസത്തിൽ നിയമം ലംഘിച്ച് യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പ് എന്നിങ്ങിനെ നടപ്പാക്കാനായിരുന്നു തീരുമാനം.
ഡിസംബർ മുതൽ നിയമം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്. മാത്രമല്ല, നിയമം ലംഘിക്കുന്നവർക്കെതിരേ ഡിസംബർ മുതൽ പിഴ ചുമത്തുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം ഉടൻ കർശനമാക്കില്ലെന്നുള്ള വിശദീകരണവുമായി ഗതാഗത മന്ത്രിയെത്തിയത്. എന്നാൽ ഈ നിയമം രാജ്യത്ത് മുഴുവനായി നടപ്പാക്കുമ്പോൾ ഇവിടെയും നടപ്പാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.